‘എന്റെ വോട്ടുവെട്ടാൻ ശ്രമം’ – ബി.ജെ.പി നേതാവ് കൃഷ്ണകുമാറിനും ഭാര്യക്കുമെതിരെ സഹോദരി

news image
Nov 20, 2025, 10:11 am GMT+0000 payyolionline.in

പാലക്കാട്: ബി.ജെ.പി നേതാവ് കൃഷ്ണകുമാറും ഭാര്യ മിനി കൃഷ്ണകുമാറിനുമെതിരെ പരാതിയുമായി ഭാര്യാസഹോദരി വി.എസ്. സിനി. തന്നെയും കുഞ്ഞിനെയും അവർ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് അവർ ആരോപിച്ചു. ഒരു സ്ത്രീ എന്ന നിലയ്ക്ക് എന്തെല്ലാം ഉപദ്രവിക്കാമോ അതെല്ലാം അവർ ചെയ്യുന്നുണ്ടെന്നും തുടർച്ചയായി തന്നെ അറ്റാക്ക് ചെയ്തുകൊണ്ടിരിക്കുകയാണെന്നും സിനി മാധ്യമങ്ങളോട് പറഞ്ഞു.

‘എന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കണം എന്ന് പറഞ്ഞ് മുൻസിപ്പൽ അതോറിറ്റിക്ക് അവർ പരാതി നൽകി. കളവായിട്ടാണ് പരാതി കൊടുത്തത്. ഹൈകോടതി ഉത്തരവ് പ്രകാരം ഞാൻ താമസിക്കുന്ന സ്ഥലത്ത് എനിക്ക് താമസിക്കാനുള്ള അവകാശമില്ലെന്നും അവരുടെ ഉടമസ്ഥതയിലുള്ള വീടാണെന്നും അവർ പറഞ്ഞു. രേഖകൾ ദുരുപയോഗം ചെയ്താണ് ഞാൻ വോട്ടർ പട്ടികയിൽ പേര് ചേർത്തതെന്നും അവർ ആരോപിച്ചു. മുൻസിപ്പൽ അതോറിറ്റി നടത്തിയ അന്വേഷണത്തിൽ എല്ലാ രേഖകളും ഞാൻ ഹാജരാക്കുകയും അത് അന്വേഷിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പരാതി തള്ളി. അതിനുശേഷം അവർ വീണ്ടും ഹൈകോടതിയിൽ റിട്ട് ഓഫ് മാൻഡമസ് ഫയൽ ചെയ്യുകയും എന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതും ഹൈകോടതി പരിഗണിച്ചില്ല.

ജോയിന്റ് സെക്രട്ടറിക്ക് മുന്നാകെ നിങ്ങൾക്ക് അപ്പീലിന് പോകാം എന്നാണ് ​ഹൈ​കോടതി പറഞ്ഞത്. അതനുസരിച്ച് അവർ അപ്പീൽ നൽകി. ഹിയറിങ്ങിന് എന്റെ പക്കലുള്ള കൂടുതൽ രേഖകൾ ഹാജരാക്കി. അത് വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവരുടെ അപ്പീൽ തള്ളി.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണകുമാറും ഭാര്യ മിനി കൃഷ്ണകുമാറും എന്നെയും എൻറെ അമ്മയെയും കുഞ്ഞിനെയും ജീവിക്കാൻ സമ്മതിക്കുന്നില്ല. എന്റെ പരാതിയിൽ മറുപടി തരാൻ ബിജെപി ഇതുവരെ തയാറായിട്ടില്ല. അവരെ ബി.ജെ.പി സംരക്ഷിക്കുകയാണ്. ഒരു സ്ത്രീ എന്നുള്ള നിലയ്ക്ക് എന്നെ എന്തെല്ലാം ഉപദ്രവിക്കാമോ അതെല്ലാം അവർ ചെയ്യുന്നു. തുടർച്ചയായി എന്നെ അറ്റാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്റെ ആധാർ വരെയും റദ്ദ് ചെയ്യാൻ അവർ പരാതി കൊടുത്തു. ഇന്ത്യൻ പൗരയായ എന്റെ മൗലികാവകാശം ലംഘിക്കുകയാണ്. ഏതൊരു വ്യക്തിക്കും വോട്ട് ചെയ്യാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന കൊടുത്തിട്ടുണ്ട്. കള്ള പരാതി കൊടുത്തിട്ട് എന്റെ ആ അവകാശം ഇല്ലാതാക്കുകയാണ്’ -സിനി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe