കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. എടപ്പാൾ സ്വദേശിയും ഐ.ബി ഉദ്യോഗസ്ഥനുമായ പ്രതി സുകാന്ത് പെൺകുട്ടിയുമായി നടത്തിയ ടെലഗ്രാം ചാറ്റിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. എപ്പോൾ മരിക്കുമെന്നാണ് സുകാന്ത് പെൺകുട്ടിയോട് ചോദിക്കുന്നത്. ചോദ്യം ആവർത്തിച്ചപ്പോൾ ആഗസ്റ്റ് ഒമ്പതിന് താൻ മരിക്കുമെന്ന് പെൺകുട്ടി മറുപടി നൽകി.
ടെലഗ്രാമിലൂടെയാണ് ഇരുവരും ചാറ്റ് ചെയ്തത്. സുകാന്തിന്റെ ഐഫോൺ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. മേയ് 23 വരെയാണ് സുകാന്തിന്റെ അറസ്റ്റ് ഹൈകോടതി തടഞ്ഞിരിക്കുന്നത്. ഇന്ന് സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈകോടതി വിധി പറയും.
അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. പെൺകുട്ടി മരിച്ച് 57 ദിവസം കഴിഞ്ഞിട്ടും അതിന് കാരണക്കാരനായ സുകാന്തിനെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
സുകാന്തിന്റെ ലൈംഗിക ചൂഷണത്തെ തുടർന്നാണ് ഐ.ബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ. ഒരു വർഷത്തോളം പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ഗർഭഛിദ്രം നടത്തുകയും ചെയ്തതിനുശേഷം വിവാഹത്തിൽനിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണം. പെൺകുട്ടിയുടെ അക്കൗണ്ടിൽനിന്ന് മൂന്നരലക്ഷത്തോളം രൂപ സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കൽ എന്നീ രണ്ട് വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്. നേരത്തേ ബലാത്സംഗം, വഞ്ചന, ആത്മഹത്യപ്രേരണ കുറ്റങ്ങളാണ് ചുമത്തിയത്.
2023 ഡിസംബറിൽ ജോധ്പുരിലെ ട്രെയിനിങ് സമയത്താണ് യുവതിയും സുകാന്തും പരിചയപ്പെടുന്നത്. 2024ൽ മേയിൽ ട്രെയിനിങ് കഴിഞ്ഞശേഷം ഇരുവരും ഒന്നിച്ച് താമസിച്ച രേഖകൾ യുവതിയുടെ ബാഗിൽ കണ്ടെത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഓഫിസറായ സുകാന്ത് അവിടെ അപ്പാർട്ട്മെന്റ് വാടകക്കെടുത്ത് യുവതിക്കൊപ്പം താമസിച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ സിവിൽ സര്‍വിസ് പരീക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് അക്കാര്യം തള്ളി.
2024 ജൂലൈയിലാണ് യുവതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയത്. ആദ്യം ആശുപത്രിയിൽ ഒന്നിച്ചെത്തിയ സുകാന്തും യുവതിയും ദമ്പതികളെന്നാണ് പരിചയപ്പെടുത്തിയത്. ആശുപത്രി അധികൃതരെ വിശ്വസിപ്പിക്കാന്‍ വിവാഹരേഖകളും വിവാഹ ക്ഷണക്കത്തും വ്യാജമായി തയാറാക്കി ഹാജരാക്കി. എന്നാല്‍, പിന്നീട് രണ്ടു തവണയും ആശുപത്രിയിലേക്ക് സുകാന്ത് പോയില്ല. ഗർഭഛിദ്രം നടത്താൻ സുകാന്തിന്റെ സുഹൃത്തായ മറ്റൊരു യുവതിയെയാണ് ഒപ്പം അയച്ചത്. ഈ യുവതിക്ക് ആശുപത്രിയിൽ പലരെയും പരിചയമുണ്ടായിരുന്നു. ഈ പരിചയവും സ്വാധീനവുമാണ് നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചതെന്ന് പൊലീസ് കരുതുന്നു.