എയർ ലിഫ്റ്റിങ്ങിന് പണം ചോദിച്ചതിനെ വിമർശിച്ച് ഹൈക്കോടതി; 132 കോടിയുടെ ബില്ലിൽ വയനാടിന് ചെലവായത് 13 കോടി മാത്രം

news image
Dec 18, 2024, 8:37 am GMT+0000 payyolionline.in

കൊച്ചി: ദുരന്തവേളയിലെ എയര്‍ലിഫ്റ്റിംഗിന് പണം ചോദിച്ച കേന്ദ്ര സര്‍ക്കാരിനെ നീക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി. കേന്ദ്രം ചോദിച്ച 132.62 കോടി രൂപയില്‍ 13 കോടി മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ചെലവായതെന്നും 8 വര്‍ഷം മുന്‍പ് വരെയുള്ള ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയതെന്നും കോടതി ചോദിച്ചു. വയനാട് ദുരന്തത്തില്‍ ചെലവായ തുക സമ്പന്ധിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയെന്ന് കേരളം അറിയിച്ചെങ്കിലും  കത്ത് ലഭിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി.

ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ ദുരന്തമുഖത്ത് കേന്ദ്ര സഹായത്തിന് കേരളം 132.62 കോടി രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കത്ത് നല്‍കിയിരുന്നു. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് കത്ത് ഹൈക്കോടതിയിലെത്തിയത് കേന്ദ്രം സമര്‍പ്പിച്ച ബില്ലുകളില്‍ 13 കോടി രൂപ മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്ത സമയത്ത് ചെലവായത്. ബാക്കി തുക 8 വര്‍ഷം മുന്‍പ് വരെ നടന്ന ദുരന്തങ്ങളിലെ സഹായത്തിനും കൂടി ചേര്‍ത്താണ്. ആദ്യ ബില്ല് 2006ലെ ദുരന്തത്തിന്‍റെതാണ്. ഇതെല്ലാം ഇപ്പോഴെങ്ങനെയാണ് കടന്നുവന്നതെന്നും ഈ സമയത്താണോ എല്ലാ ബില്ലുകളും ഒരുമിച്ച് നല്‍കുന്നതെന്ന കോടതി കേന്ദ്രത്തോട് ചോദിച്ചു. 132 കോടി കേന്ദ്രത്തിലേക്ക് അടയ്ക്കുന്നതിന് പകരം ഇപ്പോള്‍ പൂര്‍ത്തിയാക്കേണ്ട അടിയന്തര ആവശ്യങ്ങള്‍ക്ക് ചെലവിട്ടൂടെ എന്നും കോടതി ചോദിച്ചു. ഇതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് എത്ര തുക ചെലവിട്ടു എന്നും  ബാക്കി എത്രയുണ്ടെന്നുമുള്ള വിശദമായ  കണക്ക് കോടതി നിര്‍ദേശപ്രകാരം കേന്ദ്രത്തിന് കൊടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്ത് കോടതിയില്‍ ഹാജരാക്കി. ഇതനുസരിച്ച് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര തുക നല്‍കാനാകുമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ ഔദ്യോഗികമായി കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. ഒടുവില്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ഇന്ന് തന്നെ കേന്ദ്രത്തിന് കത്തയക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അവധിക്ക് ശേഷം ജനുവരി 10ന് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe