കോഴിക്കോട്: ജനാധിപത്യ സംവിധാനത്തിൽ എല്ലാ വോട്ടിനും വിലയുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. എതിർസ്ഥാനാർത്ഥിയോട് പോലും വോട്ട് ചോദിക്കുന്നതാണ് തങ്ങളുടെ രീതിയെന്നും പിഎംഎ സലാം പറഞ്ഞു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയുമോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സംഘടനയുടെ വോട്ടും അവരുമായുളള ബാന്ധവവുമല്ല ആഗ്രഹിക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലും എല്ലാ വോട്ടർമാരെയും ഞങ്ങളുടെ സ്ഥാനാർത്ഥികൾ കാണാറുണ്ട്. അതിൽ എല്ലാ പാർട്ടിക്കാരും ഉണ്ടാകും. അത് ഒരു സ്ഥാനാർത്ഥിയുടെ ഉത്തരവാദിത്തമാണ് ആ മണ്ഡലത്തിലെ മുഴുവൻ ജനങ്ങളുടെയും വോട്ട് അഭ്യർത്ഥിക്കുക എന്നത്. അതല്ലാതെ ഏതെങ്കിലും സംഘടനകളുമായി ഞങ്ങൾക്ക് ബന്ധമോ ധാരണയോ നീക്കുപോക്കോ ഒന്നുമില്ല. ജനാധിപത്യ സംവിധാനത്തിൽ വോട്ടിന് നല്ല വിലയുണ്ട്. മണ്ഡലത്തിലെ വോട്ടർ ആരായിരുന്നാലും അദ്ദേഹത്തിന്റെ വോട്ട് ആ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾക്ക് ചോദിക്കാം’ എന്നാണ് പിഎംഎ സലാം പറഞ്ഞത്.
നേമത്ത് ആരുടേയും വോട്ടുകൾ വേണ്ടെന്ന് വെയ്ക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. എസ്ഡിപിഐ-സിപിഐഎം ഡീൽ ആരോപണങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക്, ഈ ആളുകൾ മാത്രം വോട്ടു ചെയ്താൽ മതി എന്നൊന്നും പറയാൻ പറ്റില്ല. അത് വോട്ടർമാരാണ് തീരുമാനിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. നേരത്തെ നേമത്ത് ശിവൻകുട്ടിയെ പിന്തുണക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞിരുന്നു.
എസ്ഡിപിഐ ബന്ധം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായിരുന്നില്ല. എസ്ഡിപിഐയുടെ തെരഞ്ഞെടുപ്പ് നിലപാട് തന്നോടല്ല, അവരോട് ചോദിക്കണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘വോട്ടിന് വേണ്ടി എൽഡിഎഫിന് അവസരവാദ നിലപാടില്ല. തത്വാധിഷ്ഠിത നിലപാടാണ്. നാടിന് ആപത്തായതിനാലാണ് വർഗീയതയെ എൽഡിഎഫ് എതിർക്കുന്നത്. എല്ലാ കാലത്തും വർഗീയതയുമായി വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് എൽഡിഎഫ് സ്വീകരിച്ചത്. എല്ലാ വർഗീയതയെയും എൽഡിഎഫും എതിർക്കും’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
