എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ തളച്ചത് വെടിക്കെട്ട് നടക്കുന്നിടത്ത്, പയ്യൂർകാവ് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

news image
Mar 15, 2025, 12:12 pm GMT+0000 payyolionline.in

തൃശൂർ: പുതുക്കാട് നന്തിപുലം പയ്യൂർകാവിൽ വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ആനയെ തളച്ച സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്ത് വരന്തരപ്പിള്ളി പൊലീസ്. പൂരത്തിനെത്തിച്ച ആന കഴിഞ്ഞ ദിവസം വിരണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ഫോടകവസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ആനയെ വെടിക്കെട്ട് നടക്കുന്നിടത്ത് തളച്ചതിനും പൊലീസ് കേസെടുത്തത്. ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ ക്ഷേത്ര ഭാരവാഹികൾക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി 7ന് കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം ക്ഷേത്ര പറമ്പിനോട് ചേർന്നുള്ള പറമ്പിൽ തളച്ച കൊമ്പനാണ് വിരണ്ടത്. പൂരം എഴുന്നള്ളിപ്പിന് ഏഴ് ആനകളെയാണ് എത്തിച്ചിരുന്നത്. ഇതിൽ രണ്ടാനകളെയാണ് സ്വകാര്യവ്യക്തിയുടെ പറമ്പിൽ തളച്ചിരുന്നത്. ഇതിൽ ഒരാനയെ വെടിക്കെട്ടിന്‍റെ അവസാനത്തെ കൂട്ടപ്പൊരിച്ചിൽ നടക്കുന്ന സ്ഥലത്തിന്‍റെ മീറ്ററുകൾ മാത്രം അകലെയായിരുന്നു നിർത്തിയിരുന്നത്.  വെടിക്കെട്ടിന്‍റെ ശബ്ദവും ചൂടും അസഹനീയമായതോടെ ആന ഇവിടെ നിന്നും പിൻതിരിയാൻ ശ്രമിക്കുകയായിരുന്നു. വെടിക്കെട്ട് കാണാൻ നിരവധി നാട്ടുകാർ എത്തിയ സമയത്താണ് ആന പിണങ്ങി തിരിഞ്ഞത്. വിരണ്ട കൊമ്പൻ ഓടാതിരുന്നതിനാൽ വലിയ അത്യാഹിതം ഒഴിവായി. സംഭവമറിഞ്ഞ് പൊലീസ് വെടിക്കെട്ട് നിർത്തി വെപ്പിച്ചു. തുടർന്നാണ് സ്ഫോടകവസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ആനയെ സുരക്ഷിതമല്ലാതെ  തളച്ചതിനും ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ് എടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe