തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് മൂന്നാം വാരവും ഹയർസെക്കൻഡറി ഫലം മെയ് 25നും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നേരത്തെ മെയ് എട്ടിന് ഫലം പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ മൂല്യനിർണയ തീയതികൾ പുനഃക്രമീകരിച്ചതിനാലാണ് മാറ്റം വരുത്തിയത്. ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ ഫലം മെയ് രണ്ടിന് പ്രസിദ്ധീകരിക്കും. പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും.
ഏപ്രിൽ 16 മുതൽ മെയ് രണ്ട് വരെയാണ് എസ്.എസ്.എൽ.സി മൂല്യനിർണയം നടക്കുന്നത്. 72 ക്യാമ്പുകളിലായി പതിനായിരത്തിലധികം അധ്യാപകർ ഇതിൽ പങ്കുചേരും. ഹയർസെക്കൻഡറി വിഭാഗത്തിൽ 8.7 ലക്ഷം വിദ്യാർഥികളുടെ എൺപത് ലക്ഷത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം ചെയ്യാനുള്ളത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കാരണം മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ നടപടികൾ പൂർത്തിയാക്കുന്നത്.
അവധിക്കാല ക്ലാസുകൾക്കെതിരെ മുന്നറിയിപ്പ്
കടുത്ത വേനൽചൂട് പരിഗണിച്ച് അവധിക്കാല ക്ലാസുകൾ നടത്തുന്നതിൽ നിന്ന് സ്കൂളുകൾ പിന്തിരിയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ചില സ്കൂളുകൾ നിർബന്ധപൂർവ്വം ക്ലാസുകൾ സംഘടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തൊഴിലാളികൾക്ക് പോലും സർക്കാർ സമയക്രമം നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തിൽ ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ അത് പ്രത്യേക സമിതി പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര സഹായത്തിൽ പ്രതിസന്ധി
സമഗ്ര ശിക്ഷാ കേരളം (SSK) പദ്ധതിക്കായി കേന്ദ്ര സർക്കാരിൽ നിന്ന് 1158 കോടി രൂപ ലഭിക്കാനുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഫണ്ട് ലഭ്യമാകാത്തത് പല പ്രധാന പദ്ധതികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എങ്കിലും വേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നതിന് മുൻപ് തന്നെ ഫലപ്രഖ്യാപനം നടത്തി തുടർപ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇത്തവണ 4.14 ലക്ഷം വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
