തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ വിജയ ശതമാനത്തിലും സമ്പൂർണ എ പ്ലസ് നേട്ടത്തിലും കുറവ്. കഴിഞ്ഞവർഷം 99.96 ശതമാനമായിരുന്ന ജയം 99.5 ശതമാനമായി (കുറവ് 0.19 ശതമാനം) താഴ്ന്നു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം 61,449 ആയി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ 71,831 ൽ നിന്ന് 10382 പേരുടെ കുറവ്.
നേരിയ കുറവുണ്ടെങ്കിലും ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന വിജയമാണ് ഇത്തവണ. 2023ലെ 99.70 ശതമാനവും കഴിഞ്ഞ വർഷത്തെ 99.69 ശതമാനവുമാണ് ഉയർന്ന വിജയ ശതമാനം.
100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ വർഷം 2474 സ്കൂളുകൾ മുഴുവൻ കുട്ടികളെയും ജയിപ്പിച്ചപ്പോൾ ഇത്തവണ 2331 ആയി (കുറവ് 143) കുറഞ്ഞു. 4,26,697 പേർ പരീക്ഷയെഴുതിയതിൽ 4,24,583 പേർ ജയിച്ചു.
എസ്.എസ്.എൽ.സി ഫലം ഒറ്റനോട്ടത്തിൽ
- പരീക്ഷ എഴുതിയവർ : 4,26,697
- ജയിച്ചവർ: 4,24,583
- വിജയശതമാനം: 99.5
- മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ: 61,449
- 100 ശതമാനം ജയം നേടിയ സ്കൂളുകൾ: 2,331
- ഉയർന്ന ജയം: കണ്ണൂർ
- കുറഞ്ഞ ജയം: തിരുവനന്തപുരം
- കൂടുതൽ എ പ്ലസ്: മലപ്പുറം