‘എസ്.പിയുടെ ഫോൺ റെക്കോഡ് ചെയ്തു, കൃത്യവിലോപം കാണിച്ചു’; മലയാളിയായ സി.ബി.ഐ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

news image
Apr 3, 2025, 10:08 am GMT+0000 payyolionline.in

ന്യൂഡൽഹി: മലയാളിയായ സി.ബി.ഐ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കോൽക്കത്ത യൂണിറ്റിൽ ഇൻസ്പെക്ടറായിരുന്ന എസ്. ഉണ്ണികൃഷ്ണൻ നായരെയാണ് പിരിച്ചുവിട്ടത്. ഇതു സംബന്ധിച്ച ഉത്തരവ് സി.ബി.ഐയുടെ ഡൽഹി ഹെഡ്ക്വാർട്ടേഴ്സ് പുറപ്പെടുവിച്ചു.

സി.ബി.ഐ കൊച്ചി യൂണിറ്റിലെ മുൻ എസ്.പിയായിരുന്ന എസ്.ഷൈനിയുടെ ടെലഫോൺ കാളുകൾ റെക്കോഡ് ചെയ്യുകയും ചോർത്തുകയും ചെയ്തതാണ് ഉണ്ണികൃഷ്ണനെതിരെയുള്ള പ്രധാന ആക്ഷേപം. മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇക്കാര്യം ചെയ്തത്. ചില പ്രധാന കേസുകളുമായി ബന്ധപ്പെട്ട രേഖകൾ കൈവശം വെച്ചു, ചില ഫൊറൻസിക് തെളിവുകൾ ഹാജരാക്കാതെ സ്വന്തം കസ്റ്റഡിയിൽവച്ചു എന്നിങ്ങനെ കൃത്യവിലോപങ്ങൾ കാണിച്ചതും പിരിച്ചുവിടലിന് കാരണമായി. മേൽത്തട്ടിൽനിന്നുള്ള ഉത്തരവുകൾ പാലിക്കാൻ ഉദ്യോഗസ്ഥൻ തയാറായില്ലെന്നും, 2012 മുതൽ യാതൊരു ആനുകൂല്യങ്ങൾക്കും അർഹനല്ലെന്നും പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു.

നേരത്തെ കൊച്ചിയിലും തിരുവനന്തപുരത്തും ഉൾപ്പെടെ സി.ബി.ഐ ഇൻസ്പെക്ടറായി പ്രവർത്തിച്ചിരുന്നയാളാണ് ഉണ്ണികൃഷ്ണൻ നായർ. സമ്പത്തിന്റെ കസ്റ്റഡി മരണക്കേസിൽ ഉൾപ്പെടെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. അന്ന് കോടതിയിൽനിന്ന് ചില ഐ.പി.എസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ വാറന്‍റ് വാങ്ങിയ സി.ബി.ഐ, അത് നടപ്പാക്കിയിരുന്നില്ല. അന്വേഷണ സംഘത്തിലെ ഒരാൾ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം തുടർച്ചയായാണ് നടപടി എന്നാണ് വിവരം. 2012 മുതൽ 2016 വരെ ഉണ്ണികൃഷ്ണൻ സസ്പെൻഷനിലായിരുന്നു. പിന്നീട് കൊൽക്കത്തയിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. എന്നാൽ നിയമപോരാട്ടങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നതിനാൽ അവിടെ സർവീസിൽ പ്രവേശിച്ചിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe