ചെന്നൈ: കർശന ഉപാധികളോടെ വിജയ്യുടെ ഈറോഡ് റാലിക്ക് അനുമതി നൽകി പൊലീസ്. ബോണ്ട്, ആളെണ്ണം, മൈതാനം വൃത്തിയാക്കൽ തുടങ്ങി എൺപതോളം ഉപാധികളോടെയാണ് റാലിക്ക് അനുമതി നൽകിയിട്ടുള്ളത്. ഡിസംബർ 18നാണ് ഈറോഡിൽ വിജയ്യുടെ റാലി നടക്കുക.
84 ഉപാധികളാണ് തമിഴക വെട്രി കഴകത്തിന് മുൻപാകെ പൊലീസ് വെച്ചിട്ടുളളത് എന്നാണ് വിവരം. സുരക്ഷാ ഡെപ്പോസിറ്റ് ആയി പരിപാടിക്ക് മുൻപാകെ 50,000 രൂപ ബോണ്ട് കെട്ടിവെക്കണം, പരിപാടിക്ക് ശേഷം മൈതാനം വൃത്തിയാക്കി പൂർവസ്ഥിതിയിലാക്കണം തുടങ്ങിയവയാണ് അവ. ക്ഷേത്ര മൈതാനത്താണ് റാലി നടക്കുന്നത്. അതുകൊണ്ട് ക്ഷേത്രത്തിന് മുൻകൂറായി 50,000 രൂപ വാടകയിനത്തിൽ നൽകണമെന്നും നിബന്ധനയുണ്ട്.
മൈതാനം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് നേരത്തെ പ്രതിസന്ധിയുണ്ടായിരുന്നു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ഡിപ്പാർട്ടുമെന്റിന് (എച്ച്ആർ & സിഇ) കീഴിലായിരുന്നു റാലിക്കായി കണ്ടെത്തിയ മൈതാനം. ആദ്യഘട്ടത്തിൽ മൈതാനം വിട്ടുകൊടുക്കാൻ എച്ച്ആർ & സിഇ സമ്മതിച്ചിരുന്നില്ല. തുടർന്ന് പാർട്ടി പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മൈതാനം വിട്ടുകൊടുത്തത്.
41 പേരുടെ ജീവൻ നഷ്ടപ്പെട്ട കരൂർ ദുരന്തത്തിന് ശേഷം കർശന നിബന്ധനകളോടെയാണ് വിജയ്യുടെ പൊതുയോഗങ്ങൾക്കും റാലിക്കും അനുമതി ലഭിക്കുന്നത്. പുതുച്ചേരിയിലെ പൊതുയോഗത്തിനും കർശന നിബന്ധനകളാണ് ഉണ്ടായിരുന്നത്. വിജയ് എത്തുന്ന സമയം അറിയിക്കണം, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പങ്കെടുക്കാൻ പാടില്ല, 5000 പേർക്ക് മാത്രം പ്രവേശനം എന്നിങ്ങനെയായിരുന്നു നിബന്ധനകൾ. കാഞ്ചീപുരത്ത് അടച്ചിട്ട വേദിയിലാണ് സമ്മേളനം നടന്നത്.
