ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ എറ്റവും കരുത്തുള്ള വിക്ഷേപണ വാഹനമാണ് എൽവിഎം 3. ചന്ദ്രയാൻ രണ്ടിനെയും മൂന്നിനെയും വഹിച്ച ഈ വമ്പൻ റോക്കറ്റിനെ ഗഗൻയാൻ ദൗത്യങ്ങൾക്കായി തയ്യാറാക്കുകയാണ് ഇസ്രൊ ഇപ്പോൾ. 640 ടൺ ഭാരം, നാൽപ്പത്തിമൂന്നര മീറ്റർ ഉയരം, താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്ക് എട്ടായിരം കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാനുള്ള കെൽപ്പ്, ഇത് വരെ ഏഴ് ദൗത്യങ്ങൾ, ഏഴും വിജയം. അങ്ങനെ ഇസ്രൊയുടെ വലിയ സ്വപ്നങ്ങളുടെ ഭാരം പേറുന്ന റോക്കറ്റ് എൽവിഎം 3 പുതിയ മിഷന് ഒരുങ്ങുകയാണ്.
ഗഗൻയാൻ ദൗത്യത്തിനായി എല്ലാവിധ തയ്യാറെടുപ്പുകളും കഴിഞ്ഞിരിക്കുകയാണ് എൽവിഎം 3. ക്രയോജനിക് എഞ്ചിന്‍റെ ശേഷി കൂട്ടി, എല്ലാ സംവിധാനങ്ങളും മനുഷ്യ ദൗത്യങ്ങൾക്കായി സജ്ജമാക്കിയതായി എൽവിഎം 3 പ്രൊജക്ട് ഡയറക്ടർ മോഹനകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്. ഖര ഇന്ധനമുപയോഗിക്കുന്ന രണ്ട് സ്ട്രാപ്പോണുകൾ ജ്വലിപ്പിച്ചാണ് തുടക്കം. രണ്ടാം ഘട്ടം രണ്ട് വികാസ് എഞ്ചിനുകളുടെ കരുത്തിൽ കുതിക്കുന്ന എൽ 110 ആണ്.