നിങ്ങളുടെ വീട്ടിലെ അക്വേറിയത്തെ വർണ്ണാഭമായ ഒരു ജലലോകമാക്കി മാറ്റണോ? അതിനുള്ള എളുപ്പവഴി പരസ്പരം ഇണങ്ങിജീവിക്കുന്ന, വൈവിധ്യമാർന്ന നിറങ്ങളുള്ള മത്സ്യങ്ങളെ ഒന്നിച്ച് വളർത്തുക എന്നതാണ്. നിയോൺ ബ്ലൂ മുതൽ കടും ഓറഞ്ച് വരെയുള്ള നിറങ്ങളാൽ അക്വേറിയം മനോഹരമാക്കാൻ സഹായിക്കുന്ന 10 മികച്ച മത്സ്യക്കൂട്ടങ്ങളെ പരിചയപ്പെട്ടാലോ…
അക്വേറിയം സജ്ജീകരിക്കുമ്പോൾ മീനുകളുടെ സ്വഭാവം, ജലത്തിന്റെ പി.എച്ച് മൂല്യം (6.5-7.5), താപനില (24-28°C) എന്നിവ ഒരേപോലെ ആയിരിക്കാൻ ശ്രദ്ധിക്കണം. 40 ലിറ്റർ മുതൽ 200 ലിറ്റർ വരെയുള്ള ടാങ്കുകളിൽ വളർത്താൻ അനുയോജ്യമായ കോമ്പിനേഷനുകൾ താഴെ പറയുന്നവയാണ്.
നിയോൺ ടെട്രയും പിഗ്മി കോറിഡോറസും (Neon Tetras & Pygmy Corydoras)
അക്വേറിയത്തിന്റെ മധ്യഭാഗത്തും മുകളിലുമായി നീന്തിത്തുടിക്കുന്ന നീലയും ഓറഞ്ചും കലർന്ന നിയോൺ ടെട്രകൾ ടാങ്കിന് പ്രത്യേക ഭംഗി നൽകും. താഴെ തട്ടിൽ കൂട്ടമായി ജീവിക്കുന്ന പിഗ്മി കോറിഡോറസുകൾ കൂടി ചേരുമ്പോൾ അക്വേറിയം വർണ്ണാഭവമാവും. 30 ഗാലൺ ടാങ്കിൽ 10-12 ടെട്രകളും 8-10 കോറികളും വളർത്തുന്നതാണ് ഉചിതം.
ഗപ്പികളും പ്ലാറ്റികളും (Guppies & Platies)
വർണ്ണാഭമായ വാലുകളുള്ള ഗപ്പികളും ഓറഞ്ച് നിറത്തിലുള്ള പ്ലാറ്റികളും തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായ കൂട്ടുകെട്ടാണ്. ഇവ പെട്ടെന്ന് പ്രജനനം നടത്തുന്നവ കൂടിയാണ്. 20 ഗാലൺ ടാങ്കിൽ 6-8 ഗപ്പികളും 4-6 പ്ലാറ്റികളും വളർത്താം.
ബെറ്റയും കൂലി ലോച്ചുകളും (Betta & Kuhli Loaches)
രാജകീയ ഭാവമുള്ള ബെറ്റാ മീനുകൾക്കൊപ്പം താഴെ തട്ടിൽ പാമ്പിനെപ്പോലെ ഇഴയുന്ന കൂലി ലോച്ചുകൾ നല്ലൊരു കോമ്പിനേഷനാണ്. 10 ഗാലൺ ടാങ്കിൽ ഒരു ബെറ്റയും 4-6 ലോച്ചുകളും സമാധാനപരമായി ജീവിക്കും.
ഡിസ്കസുകളും റമ്മി നോസ് ടെട്രകളും (Discus & Rummy-Nose Tetras)
അക്വേറിയത്തിലെ രാജാക്കന്മാരായ ഡിസ്കസ് മീനുകൾ അവയുടെ ആകൃതി കൊണ്ട് ശ്രദ്ധേയമാണ്. ചുവന്ന മൂക്കുള്ള റമ്മി നോസ് ടെട്രകൾക്കൊപ്പം ഇവയെ വളർത്തുന്നത് അക്വേറിയത്തിന് ഒരു പ്രീമിയം ലുക്ക് നൽകും.
എയ്ഞ്ചൽ ഫിഷും ഒട്ടോസിൻക്ലസും (Angelfish & Otocinclus)
വലിയ ചിറകുകളുള്ള എയ്ഞ്ചൽ ഫിഷുകൾക്കൊപ്പം പായൽ തിന്നു തീർക്കാൻ സഹായിക്കുന്ന ഒട്ടോസിൻക്ലസുകളെ വളർത്താം. 40 ഗാലൺ ഉയരമുള്ള ടാങ്കുകളിൽ 3-4 എയ്ഞ്ചലുകളും 8-10 ഒട്ടോകളും ചേർന്ന് അക്വേറിയം വൃത്തിയായി സൂക്ഷിക്കും.
ചെറി ബാർബും ഹണി ഗൗരാമിയും (Cherry Barbs & Honey Gouramis)
കടും ചുവപ്പ് നിറത്തിലുള്ള ചെറി ബാർബുകളും തേനിന്റെ നിറമുള്ള ഹണി ഗൗരാമികളും ടാങ്കിന് പ്രത്യേക ഭംഗി നൽകും. 30 ഗാലൺ ടാങ്കിൽ 10 ബാർബുകളും 2-3 ഗൗരാമികളും വളർത്താം.
എന്റ്ലേഴ്സ് ലൈവ്ബിയറേഴ്സും പിഗ്മി കോറിഡോറസും (Endler’s Livebearers & Pygmy Corydoras)
ചെറിയ ടാങ്കുകൾക്ക് ഏറ്റവും അനുയോജ്യമാണ് ഈ കൂട്ടുകെട്ട്. കടും നിറങ്ങളുള്ള എന്റ്ലേഴ്സും താഴെ തട്ടിൽ കൂട്ടമായി നീങ്ങുന്ന പിഗ്മി കോറികളും 20 ഗാലൺ ടാങ്കിനെ അതിമനോഹരമാക്കും.
റെയിൻബോ ഫിഷും നെറൈറ്റ് സ്നൈലുകളും (Rainbowfish & Nerite Snails)
ലോഹനിറമുള്ള റെയിൻബോ ഫിഷുകൾക്കൊപ്പം പായൽ നിയന്ത്രിക്കാൻ നെറൈറ്റ് ഒച്ചുകളെ വളർത്തുന്നത് നല്ലതാണ്. 40 ഗാലൺ ടാങ്കിൽ 8-10 റെയിൻബോ ഫിഷുകളും 4-6 ഒച്ചുകളും അനുയോജ്യമാണ്.
ഡ്വാർഫ് ഗൗരാമിയും ഹാർലെക്വിൻ റാസ്ബോറയും (Dwarf Gourami & Harlequin Rasboras)
തുർക്കിഷ് ബ്ലൂ നിറമുള്ള ഡ്വാർഫ് ഗൗരാമികളും ഓറഞ്ച്-കറുപ്പ് നിറമുള്ള റാസ്ബോറകളും മികച്ചൊരു ജോഡിയാണ് . 30 ഗാലൺ ടാങ്കിൽ ഇവയെ വളർത്തുന്നത് ടാങ്കിന് ഡൈനാമിക് എനർജി നൽകും.
വൈറ്റ് ക്ലൗഡ് മിന്നോസും ഷ്രിമ്പുകളും (White Cloud Minnows & Shrimp)
തണുത്ത വെള്ളത്തിൽ വളരാൻ ഇഷ്ടപ്പെടുന്ന ഇവ രണ്ടും കളർഫുൾ ആയ ഒരു ടാങ്ക് ഒരുക്കാൻ സഹായിക്കും. 20 ഗാലൺ ടാങ്കിൽ 10 മിന്നോസുകളും 20 റെഡ് ചെറി ഷ്രിമ്പുകളും വളർത്താം.
