ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടവുമായി ഇന്ത്യ. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ഇന്ത് 100 മെഡലുകള്‍ ഉറപ്പിച്ചു. നിലവില്‍ 91 മെഡലുകള്‍ നേടിയിട്ടുള്ള ഇന്ത്യ ഒമ്പത് മെഡലുകള്‍ കൂടി ഉറപ്പിച്ചിട്ടുണ്ട്. ആര്‍ച്ചറിയില്‍ മൂന്നും, ബ്രിഡ്ജില്‍ ഒന്നും ഹോക്കി, ബാഡ്മിന്‍റണ്‍, കബഡി, ക്രിക്കറ്റ് എന്നിവയില്‍ ഓരോ മെഡലുകളുമാണ് ഇന്ത്യ ഉറപ്പിച്ചത്. ഇതോടെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടത്തില്‍ ഇന്ത്യ സെഞ്ചുറി നേടുമെന്ന് ഉറപ്പായി.
21 സ്വര്‍ണം, 33 വെള്ളി,37 വെങ്കലവും അടക്കം 91 മെഡലുമായി ഇന്ത്യ മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ്. 184 സ്വര്‍ണമടക്കം 345 മെഡലുകള്‍ നേടിയ ചൈനയാണ് ഒന്നാമത്. 44 സ്വര്‍ണമടക്കം161 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തും 36 സ്വര്‍ണമടക്കം 165 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതുമുണ്ട്. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണവും, 23 വെള്ളി യും 31 വെങ്കലവും അടക്കം 70 മെഡലുകള്‍ നേടിയതായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
ഇന്ന് പുരുഷന്‍മാരുടെ അമ്പെയ്ത്ത് റിക്കര്‍വ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. ഫൈനലില്‍ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ട അതാനു ദാസ്, ധീരജ് ബൊമ്മദേവര, തുഷാര്‍ പ്രഭാകര്‍ ഷാല്‍ക്കെ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘമാണ് വെള്ളിത്തിളക്കം സമ്മാനിച്ചത്. വനിതകളുടെ ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സോനം മാലിക് വെങ്കലം നേടി. വനിതകളുടെ സെപാതക്‌ത്രോയില്‍ ഇന്ത്യ സെമിയില്‍ തോറ്റെങ്കിലും വെങ്കലം ഉറപ്പിച്ചിട്ടുണ്ട്. കബഡിയിലും ഹോക്കിയിലും ക്രിക്കറ്റിലും ഫൈനലിലെത്തിയ ഇന്ത്യന്‍ ടീം വെള്ളി മെഡലും ഉറപ്പിച്ചു. പുരുഷ സിംഗിള്‍സ് ബാഡ്മിന്‍റണില്‍ സെമിയില്‍ തോറ്റ മലയാളി താരം എച്ച് എസ് പ്രണോയ് വെങ്കലത്തിനായി മത്സരിക്കും.