യുഎപിഎ വകുപ്പുകളിൽ 50,000 രൂപവീതമടക്കം 1,25,000 രൂപ പിഴയുമുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ കൂടുതൽ ജയിൽവാസം അനുഭവിക്കണം.
പ്രതി അഞ്ചുവർഷമായി ജയിലിലാണ്. ശിക്ഷാ കാലയളവിൽ ഇത് ഇളവ് ചെയ്യും. അഡീഷണൽ ജില്ലാ ജഡ്‌ജി മിനി എസ് ദാസാണ് ശിക്ഷ വിധിച്ചത്. എൻഐഎയ്‌ക്കുവേണ്ടി അഡ്വ. എസ് ശ്രീനാഥ് ഹാജരായി.
2018 മെയ് 15നാണ് റിയാസ് അബൂബക്കർ അറസ്‌റ്റിലായത്. 2016ൽ കാസർകോട്ടുനിന്ന് ഐഎസിൽ ചേരാൻ പോയവരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് പിടിയിലായത്. സ്ഫോടകവസ്തു ശേഖരിക്കുന്നതിനിടയിലായിരുന്നു അറസ്‌റ്റ്. ശ്രീലങ്കൻ സ്ഫോടനപരമ്പരയ്ക്ക് നേതൃത്വം നൽകിയ സഹ്റാൻ ഹാഷിമുമായി ചേർന്ന് കേരളത്തിൽ ചാവേറാക്രമണവും സ്ഫോടനവും നടത്താൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. കൊച്ചിയിലെ മാളിലും ജനത്തിരക്കേറിയ സ്ഥലത്തും സ്‌ഫോടനം ലക്ഷ്യമിട്ടിരുന്നതായി എൻഐഎ കണ്ടെത്തി.
പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വീട്ടിൽനിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും തെളിവായി ഹാജരാക്കിയിരുന്നു. സമൂഹമാധ്യമംവഴി സഹ്റാനുമായി റിയാസ് ബന്ധപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിൽ എത്തിയവരുമായി റിയാസ് ബന്ധംപുലർത്തിയതായും ഐഎസിൽ ചേർന്ന മലയാളി അബ്ദുൾ റാഷിദ് അബ്ദുല്ലയുടെ നിർദേശപ്രകാരം കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതായും കണ്ടെത്തിയിരുന്നു. ഇയാൾക്കൊപ്പം പിടിയിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസൽ, കാസർകോട് സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നിവരെ കേസിൽ മാപ്പുസാക്ഷികളാക്കിയിരുന്നു.