ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മുമ്പ് രാജസ്ഥാൻ റോയൽസ് ഡബിൾ ഹാപ്പി; ആദ്യ മത്സരത്തിൽ സഞ്ജുവും യശസ്വിയും ഇറങ്ങും

news image
Mar 17, 2025, 12:17 pm GMT+0000 payyolionline.in

ജയ്പൂര്‍: ഐപിഎല്ലിനൊരുങ്ങുന്ന രാജസ്ഥാൻ റോയൽസിന് സന്തോഷ വാർത്ത. പരിക്കിൽനിന്ന് മുക്തരായ ക്യാപ്റ്റൻ സഞ്ജു സാംസണും ഓപ്പണർ യശസ്വീ ജയ്സ്വാളും രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യമത്സരത്തിൽ കളിക്കും. മാർച്ച് 23ന് സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെയാണ് സീസണില്‍ രാജസ്ഥാന്‍റെ ആദ്യ മത്സരം.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ വലതു കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റ നായകന്‍ സഞ്ജു സാംസണ്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സയിലായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ക്ലിയറന്‍സ് ലഭിച്ച സഞ്ജു ഇന്ന് ജയ്പൂരിലെ രാജസ്ഥാൻ ക്യാമ്പിലെത്തും.സഞ്ജുവിന് വിക്കറ്റ് കീപ്പ് ചെയ്യാനാകുമോ എന്ന പരിശോധനകള്‍ കൂടി പൂര്‍ത്തിയാക്കിയശേഷമാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ക്ലിയറന്‍സ് നല്‍കിയത്.

കാൽക്കുഴയ്ക്കേറ്റ പരിക്കിൽ നിന്ന് മുക്തനായ ജയ്സ്വാള്‍ കഴിഞ്ഞ ദിവസം ജയ്പൂരിലെ രാജസ്ഥാൻ റോയൽസിന്‍റെ പരിശീലന ക്യാമ്പിൽ എത്തിയിരുന്നു. ചാമ്പ്യൻസ് ട്രോഫിക്കുള്ള പ്രാഥമിക സ്ക്വാഡിലുണ്ടായിരുന്ന ജയ്സ്വാളിനെ അന്തിമ ടീമില്‍ നിന്ന് ഒഴിവാക്കി റിസര്‍വ് ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. ജയ്സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്കുളള അന്തിമ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്കോററായിരുന്ന ജയ്സ്വാളിന് പരിക്കിനെത്തുടര്‍ന്ന് രഞ്ജി ട്രോഫിയില്‍ മുംബൈയുടെ സെമി ഫൈനല്‍ മത്സരത്തില്‍ കളിക്കാനായിരുന്നില്ല. ജോസ് ബട്‌‌ലര്‍ ടീം വിട്ടതോടെ ഇത്തൃവണ ഐപിഎല്ലില്‍ ജയ്സ്വാളും സഞ്ജുവുമാകും രാജസ്ഥാന്‍ റോയല്‍സിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നാണ് കരുതുന്നത്. ഇന്ത്യൻ ടി20 ടീമില്‍ ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ നേടിയ സഞ്ജു ഐപിഎല്ലിലും വെടിക്കെട്ട് പ്രകടനം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe