ചിറ്റൂർ: ഐസ്ക്രീം വേണമെന്ന് കുഞ്ഞു എമി വാശിപിടിച്ചപ്പോൾ കുട്ടികളെയും കൊണ്ട് പുറത്തിറങ്ങാൻ ഒരുങ്ങിയതാണ് അമ്മ എൽസിയും അവരുടെ മാതാവ് ഡെയ്സിയും. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ എടുത്ത് കുട്ടികളെ വണ്ടിയിൽ കയറ്റുകയായിരുന്നു. ഉടനെയാണ് അപകടം സംഭവിച്ചത്. സമീപവാസികൾക്കൊന്നും അടുത്തുപോലും പോകാൻ സാധിക്കാത്ത നിലയിൽ നിമിഷനേരം കൊണ്ട് കാർ പൂർണമായി കത്തിനശിച്ചു.
ദൃക്സാക്ഷിയായിരുന്ന അയൽവാസിയായ മനു ഞെട്ടലോടെയാണ് നടന്ന സംഭവങ്ങൾ വിവരിച്ചത്. ശനിയാഴ്ച വൈകീട്ട് സമീപത്തെ വീടിനു മുന്നിൽനിന്ന് ശക്തമായ തീയും പുകയും ഉയരുന്നത് കണ്ട് ഭാര്യ അറിയിച്ചതിനെ തുടർന്നാണ് മനു സംഭവസ്ഥലത്ത് ഓടിയെത്തിയത്. കണ്ട കാഴ്ച അത്യധികം ഞെട്ടിക്കുന്നതായിരുന്നു. രണ്ടാൾ ഉയരത്തിൽ നിന്നു കത്തുന്ന കാർ.
കാറിന് വെളിയിലിറങ്ങിയ എൽസി എന്റെ മക്കളെ രക്ഷിക്കൂ എന്ന് ഓടിക്കൂടിയ ആളുകളോട് അപേക്ഷിക്കുന്നുണ്ടായിരുന്നു. എന്നാൽ, കാറിനു സമീപത്തേക്കുപോലും പോവാൻ ആവാതെ തീ പൂർണമായി പടർന്നിരുന്നു. മക്കൾ വീട്ടിനുള്ളിലായിരിക്കുമെന്നാണ് ഓടിക്കൂടിയ നാട്ടുകാരും മനുവും കരുതിയത്. എൽസിയുടെ ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു. മക്കളെ രക്ഷിക്കാൻ അലറിക്കരയുന്നതിനിടയിൽ തന്നെ എൽസി ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീണു.
തീയടങ്ങുമ്പോൾ കണ്ട കാഴ്ചകൾ ഞെട്ടിക്കുന്നതായിരുന്നു എന്ന് മനു പറയുന്നു. കാറിനു സമീപത്തായി പൂർണമായി പൊള്ളലേറ്റ നിലയിൽ കുട്ടികൾ കിടക്കുന്ന കാഴ്ചയാണ് നാട്ടുകാർ കണ്ടത്. മനുവിന്റെ നേതൃത്വത്തിൽ രണ്ട് ആംബുലൻസുകളിലായി പൊള്ളലേറ്റവരെ ചികിത്സക്കായി ആശുപത്രിയിലെത്തിക്കുകയായിരുന്നു.