ഭുവനേശ്വർ: ഒഡിഷ ട്രെയിൻ അപകടം വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേദന പങ്കുവയ്ക്കാന്‍ വാക്കുകളില്ലെന്ന് പറഞ്ഞ നരേന്ദ്ര മോദി, അപകടത്തില്‍ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും വേദന പങ്കുവയ്ക്കാന്‍ വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവർത്തനം നടത്തിയ എല്ലാവരെയും അഭിനന്ദിച്ച പ്രധാനമന്ത്രി, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. അപകട സ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടത്തില്‍പ്പെട്ട് 261 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 1000 ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. അപകടത്തിന് കാരണം ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റി ചരക്ക് തീവണ്ടിയിൽ ഇടിച്ച് കയറിയതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തെറ്റായ സിഗ്നലാകാം കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റി ഓടാൻ കാരണമായത് എന്നാണ് നിഗമനം. ചരക്കുവണ്ടിയുമായി ഇടിച്ച് പാളം തെറ്റിയ കോറമണ്ഡലിന്റെ നാല് ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ പിന്നിലെ കോച്ചുകളിലേക്ക് വീഴുകയായിരുന്നു.വലിയ ഞെട്ടലുണ്ടാക്കിയ അപകടമാണ് ഉണ്ടായതെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രതികരിച്ചു. സുരക്ഷയ്ക്ക് റെയിൽവേ മുന്തിയ പരിഗണന നൽകേണ്ടതുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. അപകടമുണ്ടായ ഉടൻ സ്ഥലത്ത് ഓടിയെത്തിയ നാട്ടുകാർക്കും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്കും നന്ദി അറിയിക്കുന്നുവെന്നും പട്നായിക് പറഞ്ഞു.