ഒഡീഷ പുരി ജില്ലയിലെ ജനകദേയ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ തട്ടി കൗമാരക്കാരൻ മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.
മംഗളഘട്ട് സ്വദേശിയായ കുട്ടി അമ്മയോടൊപ്പം ചൊവ്വാഴ്ച രാവിലെ ദക്ഷിണകാളി ക്ഷേത്രത്തില്‍ ദർശനത്തിനായി പോയിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. സാക്ഷികൾ പറഞ്ഞതനുസരിച്ച്, ട്രെയിൻ അടുത്തെത്തിയപ്പോള്‍ കുട്ടി മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കാൻ പാളത്തിന് സമീപം നില്‍ക്കുകയായിരുന്നു. അതിനിടെ വേഗത്തിൽ എത്തിയ ട്രെയിൻ ഇടിച്ചതിനെ തുടർന്ന് കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
അപകടം നടന്നതിന് പിന്നാലെ റെയിൽവേ ജീവനക്കാരും നാട്ടുകാരും ഉടൻ തന്നെ സ്ഥലത്തെത്തി. വിവരം ലഭിച്ചതിന് പിന്നാലെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക നിഗമനത്തില്‍ റെയിൽവേ പാളത്തിന് സമീപം ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.