ഒന്നര ലക്ഷം സീരിയൽ ബൾബുകളുമായി ഫോർട്ട് കൊച്ചിയിലെ മഴ മരം പൂത്തുലയും; നിറം ഏതെന്നറിയാൻ ആകാംക്ഷയിൽ ആയിരങ്ങൾ

news image
Dec 23, 2025, 9:41 am GMT+0000 payyolionline.in

കൊച്ചി: ഫോർട്ട്കൊച്ചിയിലെ ക്രിസ്മസ് ആഘോഷത്തിന് പ്രത്യേക വൈബാണ്. നക്ഷത്രങ്ങളും ദീപങ്ങളും കൊണ്ട് അലങ്കരിക്കാത്ത ഇടവഴികൾ പോലും ചുരുക്കമായിരിക്കും. രാജ്യത്തിനകത്തും പുറത്തും നിന്നായി എല്ലാ വർഷവും ക്രിസ്മസ് ആഘോഷിക്കാനായി മാത്രം ഇവിടേക്ക് എത്തുന്നവരും കുറവല്ല. ഫോർട്ട് കൊച്ചിയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ നെടുംതൂണാണ് വെളി മൈതാനത്തിലെ പ്രശസ്തമായ മഴ മരം. മഴ മരം ഇത്തവണയും ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സ്റ്റാർ പദവിയിലേക്കുയരാൻ തയ്യാറെടുക്കുകയാണ്. യുവാക്കളുടെ കൂട്ടായ്മയായ നൈറ്റ് യുണൈറ്റഡാണ് തുടർച്ചയായ 26-ാം വർഷവും ഈ അലങ്കാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി അലങ്കാര ജോലികൾ പുരോഗമിക്കുകയാണ്.

ഈ വർഷം മഴ മരത്തെ അലങ്കരിക്കാൻ ഒന്നര ലക്ഷം സീരിയൽ ബൾബുകളാണ് ഉപയോഗിക്കുന്നത്. ഇതിന് പുറമെ 100 എൽഇഡി നക്ഷത്രങ്ങൾ, 100 മണികൾ, 50 എൽഇഡി ബോളുകൾ എന്നിവയും ഉപയോഗിക്കും. മരത്തിന്റെ ചുവട്ടിലെ തടിയിൽ 150 എൽഇഡി നാടകളും പ്രത്യേകമായി സ്ഥാപിച്ച് കഴിഞ്ഞു. മഴ മരത്തിന് സമീപമുള്ള റോഡിൽ 350 മീറ്റർ നീളത്തിൽ തോരണങ്ങളും 100 നക്ഷത്രങ്ങളും ഉപയോഗിച്ച് ഇപ്രാവശ്യം അലങ്കരിച്ചിട്ടുണ്ട്.

മരത്തിന്റെ മുകളിലായി സ്ഥാപിച്ച 10 അടി ഉയരമുള്ള വലിയ നക്ഷത്രം ഇന്ന് വൈകുന്നേരം പ്രകാശിപ്പിക്കും. തുടർന്ന് സാവിയോയുടെ ഡിജെയും നടക്കും. ക്രിസ്മസ് മരത്തിലെ ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം നിർവഹിക്കുന്നത് ഡിസംബർ 25-ന് വൈകിട്ട് 7 മണിക്കാണ്. മഴ മരത്തിന്റെ ഈ വർഷത്തെ നിറം ഏതാണെന്ന് ചോദിച്ച് നിരവധിയാളുകൾ പ്രവചനവും പന്തയവും നടത്തുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe