ബംഗളുരു: 311 തവണ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ലഭിച്ചിട്ടും ഒന്നുപോലും അടയ്ക്കാതിരുന്ന സ്കൂട്ടർ ഉടമയെ തേടി ഒടുവിൽ പൊലീസ് എത്തി. അടയ്ക്കേണ്ട തുക കേട്ട് ഞെട്ടിയ ഉടമ കുറച്ച് സമയം ചോദിച്ചെങ്കിലും അത് നടപ്പില്ലെന്ന് പറഞ്ഞ് വാഹനം പിടിച്ചെടുത്തു. ബംഗളുരുവിലാണ് സംഭവം. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സ്കൂട്ടറും അതിന്റെ പേരിലുള്ള ഫൈൻ തുകയും വൈറലായതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.
ട്രാവൽ ഏജന്റായ പെരിയസ്വാമിയുടെ പേരിലാണ് സ്കൂട്ടർ രജിസ്റ്റർ ചെയ്തിരുന്നത്. ബന്ധുവായ സുദീപും മറ്റൊരാളും ഈ വാഹനം ഓടിച്ചിരുന്നു. ഹെൽമറ്റ് ധരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, കാൽനട യാത്രക്കാർക്കുള്ള സീബ്രാ ക്രോസിങിന് മുകളിൽ വാഹനം നിർത്തിയിടുക എന്നിങ്ങനെ ഒട്ടേറെ നിയമലംഘനങ്ങളാണ് വാഹനത്തിന്റെ പേരിലുണ്ടായിരുന്നത്. ഓരോ സ്ഥലത്തു വെച്ചും വാഹനം കാണുന്ന ഉദ്യോഗസ്ഥർ ഓൺലൈനായി ചെല്ലാനുകൾ ഇഷ്യൂ ചെയ്ത് വിടുന്നതല്ലാതെ അവ അടയ്ക്കുന്നുണ്ടോ എന്നൊന്നും പരിശോധിക്കുന്നുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കാര്യങ്ങൾ നേരെ തിരിഞ്ഞത്.
ഈ വാഹനം നടത്തുന്ന നിയമംഘനങ്ങൾ സ്ഥിരമായി നിരീക്ഷിച്ചിരുന്ന ഒരാൾ എക്സിൽ ഒരു പോസറ്റിട്ടു. സ്കൂട്ടറിന്റെ നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയായിരുന്നു പോസ്റ്റ്. ഈ വാഹനത്തെ താൻ കുറേ നാളായി പിന്തുടരുകയാണെന്നും ഒരു വർഷം മുമ്പ് ഏകദേശം ഒരു ലക്ഷം രൂപയുടെ ട്രാഫിക് ഫൈനുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 1.60 ലക്ഷം ആയെന്നും എന്തുകൊണ്ടാണ് പൊലീസുകാർ വാഹനം പിടിച്ചെടുക്കാത്തത് എന്നുമായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റിലെ ചോദ്യം.
പോസ്റ്റ് അത്യാവശ്യം നന്നായി പ്രചരിച്ചതോടെ പൊലീസിന്റെ ശ്രദ്ധയിലുമെത്തി. ഇടപെടാമെന്ന് എക്സിൽ തന്നെ പൊലീസ് മറുപടി നൽകി. പിന്നാലെ ബംഗളുരു സിറ്റി മാർക്കറ്റ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പെരിയസ്വാമിയെ അന്വേഷിച്ച് ഓഫീസിലെത്തി. അര ലക്ഷം രൂപ പോലും വില കിട്ടാത്ത തന്റെ സ്കൂട്ടറിന്റെ പേരിൽ 1.60 ലക്ഷം രൂപയുടെ പിഴയുണ്ടെന്ന് അറിഞ്ഞ് പെരിയസ്വാമി ഞെട്ടി. പുറത്ത് എവിടെയോ പോയിരുന്ന സുദീപിനെ വിളിച്ചുവരുത്തി. ഇരുവർക്കും മറ്റ് വഴിയൊന്നുമുണ്ടായിരുന്നില്ല. പിഴ അടയ്ക്കാമെന്ന് സമ്മതിച്ചു, എന്നാൽ അൽപം സമയം വേണം. കുറച്ച് തുക ഇപ്പോൾ അടയ്ക്കാമെന്നും ബാക്കി പിന്നീട് അടയ്ക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അത് അനുവദിക്കാനാവില്ലെന്ന് അറിയിച്ച പൊലീസുകാർ സ്കൂട്ടർ പിടിച്ചെടുത്തു.
പെരിയസ്വാമി പിഴത്തുക പൂർണമായി അടയ്ക്കേണ്ടി വരുമെന്ന് പൊലീസ് പറയുന്നു. വാഹനത്തിന്റെ വിലയേക്കാൾ ഫൈൻ ആയാൽ വാഹനം പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ചാൽ മതിയെന്ന് പറയുന്ന പലരും ഉണ്ടെന്നും എന്നാൽ അത് തെറ്റായ ധാരണയാണെന്നും പൊലീസ് അറിയിച്ചു. നോട്ടീസ് കിട്ടിയിട്ടും പിഴ അടയ്ക്കുന്നില്ലെങ്കിൽ അതിന്റെ പേരിൽ കേസ് ചാർജ് ചെയ്ത് കോടതിയിൽ സമർപ്പിക്കും. പിന്നീട് കോടതിയായിരിക്കും ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുകയെന്നും ബംഗളുരു പൊലീസ് പറഞ്ഞു.