കൊച്ചി: തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് നടി ഹണി റോസ്. ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹണി റോസിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹണി നന്ദി അറിയിച്ചത്. മുഖ്യമന്ത്രിക്കും കേരള പൊലീസിനും ഹണി റോസ് നന്ദി പറയുന്നു. ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ നിന്നും കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കൊച്ചി സെൻട്രൽ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി അറിയിച്ചു. ഏഴ് മണിയോടെ പ്രതിയുമായി പൊലീസ് സംഘം കൊച്ചിയിലെത്തുമെന്നാണ് വിവരം.
ഹണിയുടെ ഫേസ്ബുക്ക് കുറിപ്പ്
ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത്. ഒരുകൂട്ടം സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നുള്ള നീചവും ക്രൂരവുമായ അസഭ്യ അശ്ലീല ദ്വയാർത്ഥ കമന്റുകളും പ്ലാൻഡ് ക്യാംപെയിനും മതി. സാമൂഹ്യ മാധ്യമ ഗുണ്ടായിസത്തിന് നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടും. പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിന് ഒപ്പം നിന്ന് ശക്തമായ ഉറപ്പു നൽകി നടപടി എടുത്ത കേരള സർക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയൻ അദ്ദേഹത്തിനും കേരള പൊലീസിനും ഞാനും എന്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.