ചെന്നൈ: നടന്‍ പ്രകാശ് രാജ് ഒരു കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയുമായി നിര്‍മ്മാതാവ്. അടുത്തിടെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പമുള്ള ഒരു ചിത്രം നടൻ പ്രകാശ് രാജ് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മറുപടി എന്ന നിലയിലാണ് നിര്‍മ്മാതാവ് വിനോദ് കുമാര്‍ ആരോപണവുമായി എത്തിയത്.
പ്രകാശ് രാജ് ഉദയനിധിക്കും അദ്ദേഹത്തിന്‍റെ പിതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനൊപ്പമുള്ള ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തു “ഉപമുഖ്യമന്ത്രിയോടൊപ്പം… ജസ്റ്റ് ആസ്കിംഗ്” എന്ന് എഴുതി. ഉദയനിധിയെ അടുത്തിടെയാണ് തമിഴ്നാട് ഉപമുഖ്യമന്ത്രിയായി നിയമിച്ചത്. ഇതിലുള്ള സന്തോഷം കൂടിയാണ് പ്രകാശ് രാജ് പങ്കുവച്ചത്.
എന്നാല്‍ പിന്നാലെ ഇതിനടയില്‍ പരാതിയുമായി വിനോദ് കുമാര്‍ എത്തി. നിർമ്മാതാവ് വിനോദ് കുമാര്‍ പ്രകാശ് രാജ് പ്രൊഫഷണലല്ലെന്ന് കുറ്റപ്പെടുത്തി. ഷൂട്ട് ചെയ്യുന്ന സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും നടൻ തനിക്ക് ഒരു കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് വിനോദ് കുമാര്‍ ആരോപിച്ചു.
“നിങ്ങൾക്കൊപ്പം ഇരിക്കുന്ന മറ്റ് മൂന്ന് വ്യക്തികൾ തിരഞ്ഞെടുപ്പിൽ വിജയിച്ചു, പക്ഷേ നിങ്ങൾക്ക് കെട്ടിവച്ച തുക നഷ്ടപ്പെട്ടു. അതാണ് വ്യത്യാസം. എന്‍റെ ഷൂട്ടിംഗ് സെറ്റിൽ നിങ്ങൾ ഒരു കോടി നഷ്ടമുണ്ടാക്കി. ഒരു അറിയിപ്പും നല്‍കാതെ നിങ്ങള്‍ കാരവാനിൽ നിന്ന് അപ്രത്യക്ഷനായി. എന്തായിരുന്നു കാരണം? ജസ്റ്റ് ആസ്കിംഗ്, നിങ്ങള്‍ എന്നെ വിളിക്കാം എന്ന് പറഞ്ഞു വിളിച്ചില്ല” വിനോദ് എക്സ് പോസ്റ്റില്‍ പറയുന്നു.
മറ്റൊരു എക്സ് പോസ്റ്റില്‍ വിനോദ് കുമാര്‍ പിന്നീട് സംഭവം വിശദീകരിക്കുന്നുണ്ട് “ഇത് 2024 സെപ്റ്റംബർ 30-നാണ് നടന്നത്. മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും ആ സംഭവത്തില്‍ സ്തംഭിച്ചുപോയി. ഏകദേശം 1000 ജൂനിയർ ആർട്ടിസ്റ്റുകൾ. 4 ദിവസത്തെ ഷെഡ്യൂൾ ആയിരുന്നു അദ്ദേഹം ഉണ്ടാകേണ്ടിയിരുന്നത്. വേറെ ഏതോ പ്രൊഡക്ഷനിൽ നിന്ന് ഒരു കോൾ വന്നതിനെ തുടർന്നാണ് അദ്ദേഹം കാരവാനിൽ നിന്ന് അപ്രത്യക്ഷനായി, ഞങ്ങളുടെ പടം ഉപേക്ഷിച്ചു, എന്ത് ചെയ്യണമെന്ന് അറിയില്ല. ഞങ്ങൾക്ക് ഷെഡ്യൂൾ നിർത്തേണ്ടിവന്നു.അതുമൂലം വലിയ നഷ്ടം സംഭവിച്ചു” വിനോദ് കുമാര്‍ പറയുന്നു.
വിശാലും മിർണാളിനി രവിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 2021 ലെ തമിഴ് ചിത്രമായ എനിമിയിൽ വിനോദും പ്രകാശും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഈ ആരോപണങ്ങളോട് പ്രകാശ് രാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.