നിര്‍മ്മിതബുദ്ധി ചാറ്റ് ബോട്ടായ ചാറ്റ്ജിപിടിയോട് വെറുതെയൊരു തമാശയ്ക്ക് ചോദിച്ച ചോദ്യം തന്റെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ച കഥയാണ് ഒരു യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. താടിയെല്ലിലെ ചെറിയൊരു മാറ്റത്തെ കുറിച്ചായിരുന്നു കണ്ടന്റ് ക്രിയേറ്ററായ നതാലിയ ടാരിയന്‍ എഐയോട് ചോദിച്ചത്.
‘ഒരു തമാശയ്ക്കായാണ് ഞാന്‍ ചാറ്റ്ജിപിടിയോട് ആ ചോദ്യം ചോദിച്ചത്. എന്തുകൊണ്ടാണ് എന്റെ താടിയെല്ലില്‍ ഒരു മുറുക്കം അനുഭവപ്പെടുന്നതെന്നായിരുന്നു ആ ചോദ്യം. എനിക്കത് വലിയ കാര്യമുള്ളതായി തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ തമാശയ്ക്കാണ് ചാറ്റ്ജിപിടിയോട് ഈ ചോദ്യം ചോദിച്ചത്. എന്നാല്‍ എന്റെ രക്തസമ്മര്‍ദ്ദം ഉടന്‍ പരിശോധിക്കാനായിരുന്നു അത് നല്‍കിയ മറുപടി. ആ സമയം എന്റെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ഏറെ മുകളിലായിരുന്നു. അത് കുറയുമെന്ന് കരുതിയെങ്കിലും കൂടികൊണ്ടിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കാനാണ് ചാറ്റ് ബോട്ട് എന്നോട് പറഞ്ഞത്’, സംഭവം നടക്കുമ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്ന നതാലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ആശുപത്രിയിലെത്തുമ്പോള്‍ 200/146 ആയിരുന്നു തന്റെ രക്തസമ്മര്‍ദ്ദമെന്നും അവര്‍ പറയുന്നു. ഉടന്‍ തന്നെ ഡെലിവറി നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. സുരക്ഷിതമായി തന്റെ മകന്‍ ജനിച്ചു. ഇപ്പോള്‍ തങ്ങള്‍ രണ്ട് പേരും സുഖമായിരിക്കുന്നുവെന്നും നതാലിയ പറഞ്ഞു. ആ ദിവസം ആശുപത്രിയിലെത്താതെ ഉറങ്ങിയിരുന്നെങ്കില്‍ തന്റെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാനാകില്ലായിരുന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചെറിയൊരു ലക്ഷണമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും, രണ്ട് ജീവനുകള്‍ രക്ഷിച്ചതിന് ചാറ്റ്ജിപിടിക്ക് നന്ദി അറിയിച്ചുകൊണ്ട് യുവതി പറയുന്നു.