കോഴിക്കോട്: നഗരത്തിന്റെ പ്രധാന പ്രവേശനകവാടമാണ് തൊണ്ടയാട് ജങ്ഷന്‍. ദേശീയപാതയില്‍ ഇവിടെ മേല്‍പ്പാലമുണ്ടെങ്കിലും താഴത്തുകൂടിയുള്ള മാവൂര്‍റോഡില്‍ ഗതാഗതക്കുരുക്കിന് ഒരു കുറവുമില്ല. മേല്‍പ്പാലത്തിനുകീഴെ ഇരുഭാഗത്തും യുടേണ്‍ അനുവദിച്ചാല്‍ കുറച്ച് പ്രശ്‌നപരിഹാരമാകുന്ന സ്ഥലമാണിത്.
മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് വരുന്നതും അങ്ങോട്ടുപോകേണ്ടതുമായ വാഹനങ്ങള്‍ പാലത്തിനടിയിലൂടെ മാവൂര്‍റോഡുവഴി വന്നേപറ്റൂ. എന്നാല്‍, ദേശീയപാതയിലൂടെ വരുന്ന കുറച്ചുവാഹനങ്ങള്‍, തൊണ്ടയാട് ജങ്ഷനിലെത്താതെ തിരിച്ചുവിടാന്‍ യു ടേണ്‍ സഹായകമാകുമെങ്കിലും ഇവിടെ അതിന് സൗകര്യമൊരുക്കിയിട്ടില്ല.
കണ്ണൂര്‍ ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ സ്റ്റാര്‍കെയര്‍ ആശുപത്രിക്ക് മുന്നില്‍വെച്ച് ഇടത്തോട്ടുതിരിഞ്ഞ് സര്‍വീസ് റോഡില്‍ക്കയറി തൊണ്ടയാടെത്തുന്നതാണ് രീതി. മുണ്ടിക്കല്‍ത്താഴം-ചേവരമ്പലം റോഡിലൂടെ നേതാജി ജങ്ഷനിലെത്തുന്ന വാഹനങ്ങളും, ദേശീയപാത മുറിച്ചുകടക്കാന്‍ അനുവദിക്കാതെ അടയ്ക്കുന്നതോടെ ഇതേ റോഡിലൂടെ വരും. ഒപ്പം കുടില്‍ത്തോടുപോലെ ചെറിയ റോഡുകളില്‍നിന്നുള്ള വാഹനങ്ങളും ഇതേ റോഡിലെത്തും.
മാവൂര്‍റോഡിലേക്ക് പോകാതെ യു ടേണ്‍ എടുത്ത് സ്റ്റാര്‍കെയര്‍ ആശുപത്രിക്കരികിലെ സര്‍വീസ് റോഡിലൂടെ പോകേണ്ട വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഈ വാഹനങ്ങളും ഇപ്പോള്‍ തൊണ്ടയാട് ജങ്ഷനിലെത്തി സിഗ്‌നലില്‍ കാത്തുനിന്ന് മാവൂര്‍റോഡിലേക്ക് കയറിയാണ് യു ടേണ്‍ എടുത്തുപോകുന്നത്. ഇവയ്ക്ക് പോകാന്‍ പ്രധാന ജങ്ഷനായ തൊണ്ടയാട് എത്തുന്നതിനുമുന്‍പുതന്നെ പാലത്തിനടിയിലൂടെ യു ടേണ്‍ അനുവദിച്ചാല്‍ തൊണ്ടയാട്ടെ കുരുക്കിന് കുറച്ച് ആശ്വാസമാവും. യു ടേണ്‍ എടുക്കാന്‍ സൗകര്യമുള്ള, വലിയ വാഹനങ്ങള്‍ തട്ടാത്ത സ്ഥലം തിരഞ്ഞെടുക്കണമെന്ന് മാത്രം.
സമാനമായി തൃശ്ശൂര്‍ ഭാഗത്തുനിന്ന് ടൗണിലേക്കുവരുന്ന വാഹനങ്ങളും ചെറുറോഡിലെ വാഹനങ്ങളും ഇടതുഭാഗത്തെ സര്‍വീസ് റോഡിലൂടെ വന്ന് നഗരത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. ഇവയില്‍ തിരിച്ച് പാലാഴി, തൃശ്ശൂര്‍ ഭാഗത്തേക്ക് പോകേണ്ടവയുമുണ്ടാകും. ഇവയ്ക്കും തൊണ്ടയാട് ജങ്ഷന്‍ എത്തുന്നതിനുമുന്‍പ് ഒരു യുടേണ്‍ അനുവദിച്ചാല്‍ പ്രധാന ജങ്ഷനിലെത്താതെ തിരിഞ്ഞുപോകാനാവും.
യു ടേണ്‍ അനുവദിക്കാന്‍ കാര്യമായ സുരക്ഷാപ്രശ്‌നങ്ങളോ, പുതുതായി റോഡ് പണിയേണ്ട ചെലവോ ഇല്ല. നഗരത്തില്‍ അരയിടത്തുപാലത്തെ മേല്‍പ്പാലത്തിനടിയിലും സിഎച്ച് മേല്‍പ്പാലത്തിനടിയിലും ഇത്തരത്തില്‍ തിരിഞ്ഞുപോകാന്‍ സംവിധാനങ്ങളുണ്ട്. എന്നിട്ടും പ്രധാന ജങ്ഷനായ തൊണ്ടയാട് ഇത്രയും കുരുക്കുണ്ടാകുമ്പോഴും ഇത് പരിഹരിക്കാന്‍ ഈ ഭാഗത്ത് യു ടേണ്‍ സൗകര്യമേര്‍പ്പെടുത്താന്‍ നടപടിയുണ്ടായിട്ടില്ല. മുന്‍പ് ട്രാഫിക് പോലീസ് ഇതുസംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല.