‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, ബില്ലുകൾ തയ്യാറെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ

news image
Sep 20, 2024, 3:34 am GMT+0000 payyolionline.in

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള ബില്ലുകൾ തയ്യാറെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ചർച്ചകൾക്ക് ശേഷമേ ബില്ലുകൾ പാർലമെൻ്റിൽ കൊണ്ടു വരൂവെന്നും ബില്ലുകൾ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു. പ്രതിപക്ഷവുമായി ഉടൻ രാജ്നാഥ് സിംഗ് ചർച്ച തുടങ്ങും.

തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാനുള്ള രാംനാഥ് കോവിന്ദ് കമ്മിറ്റി റിപ്പോർട്ടിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ വിപുലമായ കൂടിയാലോചന നടത്തി സമവായമുണ്ടാക്കാനും മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ഭരണഘടന ഭേദഗതി പാസ്സാക്കാനുള്ള സംഖ്യയില്ലാത്ത സർക്കാരിൻ്റെ നീക്കം മറ്റൊരു നാടകം മാത്രമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ മാർച്ചിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. 2029ൽ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ നിയമസഭകളുടേയും തെരഞ്ഞെടുപ്പുകളും നടത്തുക എന്നതാണ് ശുപാർശ. ഇതിനായി ചില നിയമസഭകളുടെ കാലാവധി തല്ക്കാലം കൂട്ടേണ്ടി വരും. കേരളം പോലെ ചില സംസ്ഥാനങ്ങളിലെ നിയസഭകളിലെ കാലാവധി കുറയ്ക്കേണ്ടി വരും. ഇതിനുള്ള നടപടികൾക്ക് തുടക്കം കുറിക്കാനാണ് മന്ത്രിസഭ ഏകകണ്ഠമായി അംഗീകാരം നൽകിയത്. ടിഡിപി, ജെഡിയു തുടങ്ങിയ സഖ്യകക്ഷികളും ഇതിനോട് യോജിച്ചു. എന്നാൽ ഭരണഘടന ഭേദഗതി ബിൽ ചർച്ചയിലൂടെ സമവായം ഉണ്ടാക്കിയേ കൊണ്ടു വരൂ.

പതിനെട്ട് ഭരണഘടന ഭേദഗതികളാണ് തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാൻ ആവശ്യമുള്ളത്. ഇതിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ മത്സരം ഒന്നിച്ചാക്കാനുള്ള രണ്ട് ബില്ലുകൾക്ക് പകുതി സംസ്ഥാനങ്ങളുടെ അംഗീകാരവും വേണം. ലോക്സഭയിൽ ഭരണഘടന ഭേദഗതി പാസ്സാകാൻ 362 പേരുടെ പിന്തുണ വേണം. രാജ്യസഭയിൽ 163ഉം. എൻഡിഎയുടെ അംഗസംഖ്യ ലോക്സഭയിൽ 300ൽ താഴെയാണെന്നിരിക്കെ മന്ത്രിസഭ അംഗീകാരത്തിന് എന്ത് പ്രസക്തിയെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

തൃണമൂൽ കോൺഗ്രസ്, ഡിഎംകെ എന്നീ രണ്ട് പാർട്ടികളെങ്കിലും സർക്കാരിൻ്റെ കൂടെ ചേർന്നാലേ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് യാഥാർത്ഥ്യമാകൂ. പശ്ചിമ ബംഗാൾ, തമിഴ്നാട് നിയമസഭകളുടെ കാലാവധി 2029 വരെ നീട്ടി നൽകി ഇവരുടെ പിന്തുണ വാങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇങ്ങനെ 2026 മുതലുള്ള തെരഞ്ഞെടുപ്പുകൾ നീട്ടിവച്ചാൽ കേരളത്തിലും അടുത്ത മത്സരം അഞ്ച് കൊല്ലത്തിന് ശേഷമേ നടക്കൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe