ഒരുങ്ങി വേലിക്കകത്ത് വീട്, തിങ്ങി പാതയോരം, വഴിനീളെ ഫ്ലക്സുകൾ, വിഎസിനെ കാത്ത് കൊല്ലവും ആലപ്പുഴയും

news image
Jul 22, 2025, 3:09 pm GMT+0000 payyolionline.in

കൊല്ലം:  വി.എസ്. അച്യുതാനന്ദനെ സ്വീകരിക്കാനൊരുങ്ങി കൊല്ലവും ആലപ്പുഴയും. വിഎസിന്റെ വീടായ പുന്നപ്ര വേലിക്കകത്തു വീട്ടിൽ പന്തൽ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സജ്ജമാക്കി. ഇന്നു രാത്രിയോടെ വിഎസിന്റെ ഭൗതികശരീരം ഇവിടെയെത്തിക്കും. നാളെ രാവിലെ വരെ ഇവിടെയാണു പൊതുദർശനം. വിഎസ് എത്തുമ്പോഴൊക്കെ പരാതികളും പരിഭവങ്ങളുമായി ജനം എത്തിയിരുന്ന വേലിക്കകത്തു വീട്ടിൽ പരാതികളില്ലാതെ, നിറകണ്ണുകളുമായി വലിയ ജനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കൾ വീട്ടിലെ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു. വീട്ടിലേക്കു രാവിലെ മുതൽ പ്രവർത്തകർ എത്തുന്നതിനാൽ ഗതാഗതക്കുരുക്കുണ്ട്.

തിരുവനന്തപുരത്തുനിന്ന് കൊല്ലം നഗരത്തിലൂടെയാണ് വി.എസിന്റെ വിലാപയാത്ര കടന്നു പോകുന്നത്. ആദരാഞ്ജലികൾ അർപ്പിക്കാനുള്ള ജില്ലയിലെ ആദ്യത്തെ കേന്ദ്രം പാരിപ്പള്ളിയിലാണ്. കൊല്ലത്ത് 8 ഇടങ്ങളിലൂടെയാണ് വിലാപയാത്ര കടന്നുപോവുക. ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികൾക്ക് ഓരോ ഇടവും നിശ്ചയിച്ചു നൽകിയിട്ടുണ്ട്. അതേസമയം ജില്ലയിൽ വിലാപയാത്ര എത്താൻ രാത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ വിപുലമായ ഒരുക്കങ്ങൾ കുറവാണ്. നഗരത്തിൽ ചില ഇടങ്ങളിൽ വിഎസിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഫ്ലക്സ് ബോർഡുകൾ ഉയർന്നിട്ടുണ്ട്. കൊല്ലം നഗരമൊഴികെ ബാക്കിയുള്ള കേന്ദ്രങ്ങളെല്ലാം നിർമാണം നടക്കുന്ന ദേശീയപാതയിൽ ആയതിനാൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതുവരെ പൊലീസ് കാര്യമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. വിഎസിന് വലിയ പിന്തുണ നൽകിയ ജില്ലയായിരുന്നതിനാൽ വലിയ ജനക്കൂട്ടത്തെയാണ് കൊല്ലത്തു പ്രതീക്ഷിക്കുന്നത്.

നാളെ രാവിലെ 9 ന് ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കും.  വൈകിട്ട് 4 മുതൽ പഴയ നടക്കാവ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വിഎസിന്റെ ബന്ധുക്കൾ ഉച്ചയ്ക്ക് ഒന്നോടെ തിരുവനന്തപുരത്തു നിന്നു യാത്ര തിരിച്ചു. ഇവർ വൈകിട്ട് അഞ്ചോടെ വീട്ടിലെത്തിയേക്കും. തിരുവമ്പാടിയിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ പി.കൃഷ്ണപിള്ള സ്മാരകത്തിലും ആലപ്പുഴ ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. നാളെ രാവിലെ 9 മുതൽ പി.കൃഷ്ണപിള്ള സ്മാരകത്തിലും 11 മുതൽ റിക്രിയേഷൻ ഗ്രൗണ്ടിലുമാണു പൊതുദർശനം. കഴിഞ്ഞ ദിവസത്തെ മഴയിൽ റിക്രിയേഷൻ ഗ്രൗണ്ടിൽ വെള്ളക്കെട്ടുണ്ടായിരുന്നത് ഒഴിവാക്കാൻ രാവിലെ പമ്പിങ് നടത്തിയെങ്കിലും പൂർണ വിജയമായില്ല. ഗ്രൗണ്ടിനു സമീപത്തെ ഓടയിലേക്കു വെള്ളം ഒഴുക്കി വിടാനുള്ള ശ്രമം തുടരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe