കൊച്ചി: കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി. രാസ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് അപ്പീല്‍ നല്‍കും.
ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങള്‍ ഉൾപ്പെടെ 20 പേർ എത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. നടന് ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും ഉൾപ്പെടെ ഓംപ്രകാശിന്റെ മുറിയിൽ സന്ദർശനം നടത്തിയതായാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. താരങ്ങളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി ഡി.സി.പി കെ.എസ്. സുദർശൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഓം പ്രകാശ് എന്നയാളെ നേരിട്ടോ അല്ലാതെയോ തനിക്ക് പരിചയമില്ലെന്നും ലഹരിപ്പാർട്ടി നടന്നെന്ന് പറയുന്ന ഹോട്ടലിൽ പോയെങ്കിലും അയാളെ കണ്ടിട്ടില്ലെന്നുമാണ് നടി പ്രയാഗ മാർട്ടിൻ പറഞ്ഞത്.
കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസയിൽ ഞായറാഴ്ച ഉച്ചയോടെ കൊച്ചി ഡാൻസാഫും മരട് പൊലീസും നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം വലിയതുറ വള്ളക്കടവ് പനമൂട്ടിൽ വീട്ടിൽ കെ.കെ. ഓംപ്രകാശ് (44), സുഹൃത്ത് കൊല്ലം കൊറ്റങ്കര തട്ടാക്കോണം ഷിഹാസ് (54) എന്നിവർ പിടിയിലായത്. ഹോട്ടലിൽ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ വെച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതായും റിപ്പോർട്ടിലുണ്ട്.
ഹോട്ടലിലെ രജിസ്റ്ററും സി.സി ടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഒന്നാം പ്രതി ഷിഹാസിന്റെ മുറിയിൽ നിന്ന് നാല് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും കൊക്കെയ്ൻ പൊടിയുടെ കവറും പൊലീസ് കണ്ടെത്തിയിരുന്നു. കുറെനാളുകളായി ഓം പ്രകാശിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മുത്തൂറ്റ് പോൾ ജോർജ് വധക്കേസ് ഉൾപ്പെടെ ഒട്ടേറെ കൊലക്കേസുകളിലും പാറ്റൂർ ഗുണ്ടാ ആക്രമണ കേസിലും ഓംപ്രകാശ് പ്രതിയാണ്.