‘ഓടുന്നതിനിടെ യുവതി ഇരുന്ന ഭാഗത്തെ ഡോർ 3തവണ തുറന്നു’; പട്ടാഴിമുക്ക് അപകടത്തിൽ നിർണായക വിവരുമായി ദൃക്‌സാക്ഷി

news image
Mar 29, 2024, 7:44 am GMT+0000 payyolionline.in

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടമുണ്ടാകുന്നത് കണ്ട ദൃക്സാക്ഷിയാണ് നിര്‍ണായക വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചത്. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്ന് ഗ്രാമപഞ്ചായത്ത് അംഗമായ ശങ്കര്‍ പറഞ്ഞു. ആലയിൽപ്പടിയിൽ നില്‍ക്കുമ്പോള്‍ കാർ കടന്നു പോകുന്നത് കണ്ടിരുന്നു. ഓട്ടത്തിനിടയിൽ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോർ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്ന തോന്നലുണ്ടായിരുന്നു. കാലുകള്‍ ഡോറിന് പുറത്തേക്ക് ഇട്ട നിലയില്‍ കണ്ടിരുന്നുവെന്നും അകത്ത് മൽപ്പിടുത്തം നടന്നതായി സംശയിക്കുന്നുവെന്നും ശങ്കര്‍ പറഞ്ഞു.

അപകടത്തില്‍ ദുരൂഹത ഏറുകയാണ്. സംഭവം കണ്ട ദൃക്സാക്ഷികളും വിനോദ യാത്രാ സംഘത്തിലുണ്ടായിരുന്ന അധ്യാപകരും ഉള്‍പ്പെടെ പറഞ്ഞ കാര്യങ്ങള്‍ പുറത്തുവന്നതോടെയാണ് ദുരൂഹത ഏറിയത്. കാർ അമിത വേഗത്തിൽ വന്ന് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവറുടെ മകൻ ഷാരൂഖ് പ്രതികരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെ ഒരു ടീച്ചർ അനുജയുടെ അച്ഛനെ വിളിച്ചിരുന്നുവെന്നാണ് വാര്‍ഡ് മെമ്പര്‍ അജയ് ഷോഷ് പ്രതികരിച്ചത്.

 

അനുജയെ ഒരാൾ ബസിൽ നിന്ന് ഇറക്കി കൊണ്ടുപോയെന്നാണ് ടീച്ചര്‍ വീട്ടുകാരോട് പറഞ്ഞതെന്ന് അജയ് ഘോൽ് പറഞ്ഞു. വീട്ടിൽ എത്തിയോ എന്ന് ചോദിച്ചപ്പോള്‍  എത്തിയില്ലെന്നാണ് പറഞ്ഞത്. അവർക്കു ചില ആശങ്ക ഉണ്ടെന്നും ഫോണില്‍ വീട്ടുകാരെ അറിയിച്ചു. തുടർന്ന് അച്ഛനും സഹോദരനുമൊപ്പം അന്വേഷിച്ചിറങ്ങുകയായിരുന്നുവെന്നും പോകുന്ന വഴിക്ക് അടൂർ പൊലീസ് വിളിച്ചു അപകട കാര്യം അറിയിക്കുകയായിരുന്നുവെന്നും വാര്‍ഡ് മെമ്പര്‍ അജയ് ഘോഷ് പറഞ്ഞു.

 

വിനോദ യാത്ര കഴിഞ്ഞ മടങ്ങുന്നതിനിടെ അനുജയെ വാഹനത്തിന്‍റെ വാതിൽ വലിച്ചു തുറന്ന് ഹാഷിം കൂട്ടിക്കൊണ്ട് പോയെന്നാണ് അനുജയുടെ കൂടെ ജോലി ചെയ്യുന്ന അധ്യാപകര്‍ പറഞ്ഞത്. തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് സഹഅധ്യാപിക യോട് അനുജ പറഞ്ഞിരുന്നതായി സൂചനയുണ്ട്. എന്നാല്‍, കാറിന്‍റെ ഡോര്‍ തുറന്നുവെന്ന ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ ഇക്കാര്യത്തിലും അവ്യക്തത ഏറുകയാണ്.  അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. കാർ എതിർ ദിശയിൽ വന്ന കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് ദൃക് സാക്ഷികളുടെ മൊഴി. അനുജയും ഹാഷിമും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നുവെന്നാണ് സൂചന. ഹാഷിമും അനുജയുമായുള്ള പരിചയത്തെക്കുറിച്ച് ഇരുവീട്ടുകാർക്കും അറിവുണ്ടായിരുന്നില്ല. മരണത്തില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.30നാണ് കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവര്‍ മരിച്ചത്. നൂറനാട് സുശീലത്തില്‍ റിട്ട സ്കൂള്‍ ഹെഡ്മാസ്റ്റര്‍ രവീന്ദ്രന്‍റെ മകളാണ് അനുജ. സഹോദരൻ: അനൂപ്. ബിസിനസുകാരാനായ കായംകുളം സ്വദേശി ആഞ്ചിയാണ് അനുജയുടെ ഭര്‍ത്താവ്. അനുജയുടെ അച്ഛൻ രവീന്ദ്രൻ. താമരക്കുളം പേരൂര്‍കാരായ്മ സ്വദേശിയായ ഹാഷിം സ്വകാര്യ ബസ് ഡ്രൈവറാണ്. വിവാഹമോചിതനാണ്. ഹാഷിമിന്‍റെ അച്ഛൻ ഹക്കീം ബസ് ഡ്രൈവറാണ്.

സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe