കോഴിക്കോട്: ഓണാവധിക്ക് നാട്ടിലേക്കും തിരിച്ചുമുള്ള മറുനാടൻ മലയാളികളുടെ യാത്രാദുരിതത്തിന് ആശ്വാസമായി കെ.എസ്.ആർ.ടി.സിയുടെ ഉത്സവകാല പ്രത്യേക സർവിസുകൾ തുടങ്ങി. ഇത്തവണ 255 അന്തർസംസ്ഥാന സർവിസുകളാണ് കെ.എസ്.ആർ.ടി.സി മുന്നോട്ടുവെക്കുന്നത്. വിവിധ ഡിപ്പോകളിൽനിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, പുനലൂർ, തിരുവനന്തപുരം, അടൂർ, പാല, കൊല്ലം എന്നിവിടങ്ങളിൽനിന്ന് ഈ മാസം 10 മുതൽ 19 വരെയാണ് ഓണം സ്പെഷൽ സർവിസ് നടത്തുന്നത്.
ഓണക്കാല തിരക്ക് മുൻകൂട്ടിക്കണ്ട് സ്വകാര്യ ടൂറിസ്റ്റ് ബസുകൾ യാത്രാനിരക്ക് വൻതോതിൽ ഉയർത്തിയിട്ടുണ്ട്. സാധാരണ ഈടാക്കുന്നതിൽനിന്ന് ഇരട്ടിയും അതിലധികവുമാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. 12ന് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് 2500 മുതൽ 3500 രൂപ വരെയും ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് 1700 മുതൽ 4000 രൂപ വരെയും കൊടുക്കണം.