കൊച്ചി: നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തതിൽ ഊർജിത അന്വേഷണം തുടങ്ങി കസ്റ്റംസ് പ്രിവന്റിവ്. നടന് ദുൽഖർ സൽമാൻ ഉൾപ്പടെ വാഹന ഉടമകൾക്ക് ഉടൻ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകും. വീട്ടിൽ നിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതിൽ നടനും വാഹന ഡീലറുമായ അമിത് ചക്കാലക്കലിനെ ഇന്നലെ അർദ്ധ രാത്രി മുഴുവൻ കസ്റ്റംസ് ചോദ്യം ചെയ്തു. അമിത്തിന്റെ കൂടുതൽ കാറുകൾ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കലിന്റെ സംശയങ്ങളുമുണ്ടെന്ന് കസ്റ്റംസ് കമ്മീഷണർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആ സാഹചര്യത്തിൽ ഇഡി കൂടി കേസെടുക്കാൻ സാധ്യതയുണ്ട്.
നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ഇരുനൂറോളം ആഡംബര കാറുകൾക്കായി ഇന്നലെ വ്യാപക റെയ്ഡാണ് കസ്റ്റംസ് പ്രവന്റീവ് വിഭാഗം നടത്തിയത്. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ തുടങ്ങിയവരുടെ വീടുകളിൽ ഉൾപ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് കേരളത്തില് പരിശോധന നടന്നത്. ഇന്ത്യൻ സൈന്യത്തിന്റെയും വിവിധ എംബസികളുടെയും വിദേശ കാര്യമന്ത്രാലയത്തിന്റെയുമൊക്കെ പേരിൽ വ്യാജരേഖകളുണ്ടാക്കിയാണ് സിനിമാ താരങ്ങൾക്കും വ്യവസായികൾക്കുമടക്കം ഇടനിലക്കാർ ആഡംബര കാറുകൾ വിറ്റത്. പിഴ അടച്ചാൽ കേസ് തീർക്കാൻ സാധിക്കില്ലെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഭൂട്ടാനീസ് ഭാഷയിൽ വാഹനം എന്നർത്ഥമുളള ഓപറേഷൻ നുംഖോർ എന്ന് പേരിട്ടായിരുന്നു പരിശോധന. സിനിമാ താരങ്ങളെക്കൂടാതെ വ്യവസായികൾ. വാഹന ഡീലർമാർ, ഇടനിലക്കാർ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നു. എക്സൈസ് തീരുവ വെട്ടിച്ച് കേരളത്തിലെത്തിച്ച ഇരുപതോളം വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. പൃഥിരാജിന്റെ കൈവശമുളള ലാൻഡ് റോവർ ക്രൂയിസർ, ദുൽഖർ സൽമാന്റെ കൈവശമുളള നിസാൻ വാഹനം എന്നിവയാണ് അന്വേഷണ പരിധിയിൽ ഉളളത്. നടൻ അമിത് ചക്കാലയ്ക്കലിന്റെ രണ്ട് വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. അന്വേഷവുമായി സഹകരിക്കാൻ അമിത് തയാറാകാതെ വന്നതോടെ അന്വേഷണസംഘം പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.