ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിന്റെ വിജയം തെളിവുകള്‍ നിരത്തി വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥരുടെ വാര്‍ത്താസമ്മേളനം. മേയ് ഏഴാം തീയതി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഒന്‍പത് ഭീകരകേന്ദ്രങ്ങളിലെ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു.
കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍, പുല്‍വാമ സ്ഫോടനം എന്നിവയില്‍ പങ്കാളിത്തമുള്ള കൊടുംഭീകരരായ യൂസുഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായും ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിന്റെ ആസൂത്രകരെയും ഭീകരകേന്ദ്രങ്ങളെയും തകര്‍ക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ സൈനിക നടപടി ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മേയ് ഏഴാം തീയതിക്കും പത്താം തീയതിക്കുമിടയില്‍ പാക് സൈന്യത്തിലെ 35-40 സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും കര-വ്യോമ-നാവികസേനാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്, വൈസ് അഡ്മിറല്‍ എഎന്‍ പ്രമോദ്, എയര്‍മാര്‍ഷല്‍ എ.കെ. ഭാരതി, മേജര്‍ ജനറല്‍ എസ്.എസ്. ഷാര്‍ദ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ വ്യോമസേന തകര്‍ത്ത ഭീകരകേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ സഹിതമാണ് നടപടിയേക്കുറിച്ച് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി വിശദീകരിച്ചത്.