തൃശൂര്‍: വലിയ അളവിൽ മാരക മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ഇന്നലെ വാടാനപ്പിള്ളി ചിലങ്ക ബീച്ചിനടുത്ത് നിന്നാണ് 34 -കാരനായ സെയ്ത് എന്നയാളെ എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.
Dec 2, 2024, 6:38 am IST
തൃശൂര്‍: വലിയ അളവിൽ മാരക മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ഇന്നലെ വാടാനപ്പിള്ളി ചിലങ്ക ബീച്ചിനടുത്ത് നിന്നാണ് 34 -കാരനായ സെയ്ത് എന്നയാളെ എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.
സർക്കിൾ ഇൻസ്പെക്ടർ എടി ജോബിയുടെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ എൻ സുദർശനകുമാറാണ് 78 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടിയത്. ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങിയ സാമുഹ്യ മാധ്യമങ്ങളിലുടെ ആവശ്യക്കാര്‍ക്ക് ഗ്രാമിന് 4000 രൂപയ്ക്കാണ് രാസലഹരി വില്പന നടത്തിയിരുന്നത്.
മൂന്ന് ലക്ഷത്തലധികം രൂപയുടെ എംഡിഎംഎയാണ് സെയ്തിന്റെ കയ്യിൽ നിന്ന് പിടികൂടിയത്. ഫോൺ പേ, ഗൂഗിൾ പേ എന്നീ ഓൺലൈൻ പേമെന്റുകളിലൂടെയാണ് പണ ഇടപാടുകൾ നടത്തിയിരുന്നത്. സംഘത്തിൽ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സോണി കെ ദേവസ്സി, ജബ്ബാർ, പ്രിവന്റീവ് ഓഫീസർ എംഎം മനോജ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ യു അനിൽ പ്രസാദ്, സുരേഷ് , വി എസ് കണ്ണൻ കെ എം എന്നിവര്‍ പങ്കെടുത്തു. പ്രതിയെ ചാവക്കാട് ജെഎഫ്സിഎം കോടതി റിമാൻഡ് ചെയ്തു.
അതേസമയം, തൃശ്ശൂർ ചാവക്കാട് ആഡംബര ബൈക്കുകളിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. 105 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്ന് എക്സൈസ് പിടികൂടിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശി 27കാരൻ അമർ ജിഹാദ്, തൃശ്ശൂർ തളിക്കുളം സ്വദേശി 42കാരൻ ആഷിഫ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. യു. ഹരീഷും സംഘവും ചാവക്കാട് ടൗണിൽ നടത്തിയ തെരച്ചിലിൽ അമർ ജിഹാദാണ് ആദ്യം പിടിയിലായത്.
5 ഗ്രാം എംഡിഎംഎ ഇയാളിൽനിന്ന് കണ്ടെടുത്തു. ബൈക്കിൽ കറങ്ങിനടന്ന് ലഹരി വിൽപ്പന ആയിരുന്നു ലക്ഷ്യം. അമർ ജിഹാദിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ പങ്കാളി ആഷിഫിനെക്കുറിച്ച് എക്സൈസിന് വിവരം കിട്ടുന്നത്. പിന്നാലെ ഗുരുവായൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുനിന്ന് 100 ഗ്രാം എംഡിഎംഎയുമായി ആഷിഫിനെയും പിടികൂടി.
രണ്ട് പേരിൽനിന്നുമായി പിടിച്ചെടുത്ത ലഹരി മരുന്നിന് 4 ലക്ഷം രൂപ വില വരും. ലഹരി വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികളുടെ രീതി. കോടതിയിൽ ഹാജരാക്കിയ അമർ ജിഹാദിനെയും ആഷിഫിനെയും റിമാൻഡ് ചെയ്തു.