ഓഹരി വിപണിയില്‍ കനത്ത ഇടിവ്; ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ നഷ്ടം 3 ലക്ഷം കോടി

news image
Oct 26, 2023, 1:08 pm GMT+0000 payyolionline.in

സെന്‍സെക്സ് 900 പോയിന്‍റും നിഫ്റ്റി 265 പോയിന്‍റും താഴ്ന്നതോടെ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 3 ലക്ഷം കോടി രൂപ. കഴിഞ്ഞ ആറ് വ്യാപാര ദിവസങ്ങളിലെ ആകെ നഷ്ടം 17.50 ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തു. എല്ലാ പ്രധാനപ്പെട്ട മേഖലകളിലെ ഓഹരികളും ഇന്ന് കനത്ത നഷ്ടമാണ് നേരിട്ടത്. ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എന്നീ മേഖലകളിലെ ഓഹരികളിലെ നഷ്ടം 1.3 ശതമാനമാണ്. ഐടി മേഖലയിലെ ഓഹരികള്‍ തകര്‍ന്നടിഞ്ഞു, നഷ്ടം 1.7 ശതമാനം. ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് മീഡിയ, റിയാലിറ്റി ഓഹരികളിലാണ്. 2.4 ശതമാനം ഇടിവാണ് ഈ ഓഹരികളിലുണ്ടായത്.

യുഎസ് ട്രെഷറി വരുമാനം കൂടിയതും, ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷവുമാണ് വിപണികള്‍ക്ക് തിരിച്ചടിയായത്. യുഎസ് ബോണ്ട് വരുമാനം കഴിഞ്ഞ പതിനാറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി പരിഗണിക്കപ്പെടുന്നവയാണ് യുഎസിലെ കടപ്പത്രങ്ങള്‍. ഇതില്‍ നിന്നുള്ള വരുമാനം കൂടുമ്പോള്‍ നിക്ഷേപകര്‍ മറ്റ് നിക്ഷേപങ്ങള്‍ വിറ്റഴിച്ച് ബോണ്ടുകളിലേക്ക് നിക്ഷേപം മാറ്റും. ഇത് ഏറ്റവും കൂടുതല്‍ തിരിച്ചടിയാവുക ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്കാണ്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്നുള്ള സൂചനകളും വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കരയുദ്ധം തുടങ്ങിയാല്‍ അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് ആശങ്ക . ഇത്തരം സാഹചര്യം ഉടലെടുത്താല്‍ ക്രൂഡ് വില അധികം വൈകാതെ ബാരലിന് 100 ഡോളര്‍ കടക്കും. അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയാകും.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത് ബാങ്കിംഗ്, ഐടി മേഖലകളിലാണ്. ഇവര്‍ നിക്ഷേപം വന്‍തോതില്‍ വിറ്റഴിക്കുന്നത് ഈ മേഖലകളെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇന്നലെ മാത്രം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ 4236 കോടിയുടെ നിക്ഷേപമാണ് വിറ്റഴിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe