വീഡിയോ കോളിങ്ങിൽ പുതിയ അപ്ഡേഷന് തയ്യാറെടുത്ത് വാട്ട്സ്ആപ്പ്. വീഡിയോ കോൾ എടുക്കുന്നതിന് മുമ്പ് ഡിവൈസിൻ്റെ ക്യാമറ ഓഫാക്കാനുള്ള ഓപ്ഷൻ ആണ് പുതുതായി കൂട്ടിച്ചേർക്കുന്നത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വേണ്ടിയാണ് ഈ ഫീച്ചർ ഒരുക്കിയിരിക്കുന്നത്.
നിലവിൽ ഇങ്ങനൊരു ഫീച്ചർ വാട്ട്സ്ആപ്പിൽ ഇല്ല. വീഡിയോ കോളിനിടെ ക്യാമറ ഓഫ് ചെയ്യാമെങ്കിലും കോൾ പിക്ക് അപ്പ് ചെയ്താലെ അതിന് സാധിക്കു. എന്നാൽ ഇനി മുതൽ ക്യാമറ ഓഫ് ചെയ്തുകൊണ്ട് കോൾ അറ്റൻഡ് ചെയ്യാം. വീഡിയോ കോൾ വോയ്‌സ്-ഒൺലി മോഡിലും ഇനി മുതൽ പ്രവർത്തിക്കുമെന്ന് എളുപ്പത്തിൽ പറയാം. ഫീച്ചർ ഉപയോഗിക്കാനായി ‘അക്സപ്റ്റ് വിത്തൌട്ട് വീഡിയോ’, ‘ടേൺ ഓൺ യുവർ വീഡിയോ’ എന്നിങ്ങനെ രണ്ട് പ്രോംപ്റ്റുകൾ സ്ക്രീനിൽ കാണാൻ കഴിയും.
ആൻഡ്രോയിഡ് പതിപ്പ് 2.25.7.3നുള്ള വാട്ട്‌സ്ആപ്പ് ബീറ്റ ആപ്പിന്റെ എപികെയിലാണ് ഈ പുതിയ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ ആ ഫീച്ചറിൻ്റെ ടെസ്റ്റിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത് നിലവിൽ ഉപയോക്താക്കൾക്ക് ലഭ്യമല്ല. ടെസ്റ്റിങ്ങ് വിജയകരമെങ്കിൽ ഫീച്ചർ ഉടൻ തന്നെ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം പിൻ നമ്പർ നൽകാതെ തന്നെ ഉപയോക്താക്കൾക്ക് പണമിടപാട് നടത്താൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന പേയ്‌മെന്റ് പ്രക്രിയ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്. മാത്രമല്ല മെറ്റാ എഐയ്ക്കായി ഒരു പുതിയ ഇന്റർഫേസും വാട്ട്‌സ്ആപ്പ് ഉടൻ പുറത്തിറക്കിയേക്കും എന്ന തരത്തിലും കഴിഞ്ഞ ദിവസം ഏതാനും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.