ഓൺലൈൻ ഗെയിമിംഗ് ബിൽ; ഇന്ത്യൻ ക്രിക്കറ്റ് ടീം സ്പോണ്‍സര്‍ സ്ഥാനത്ത് നിന്ന് പിന്മാറി ഡ്രീം 11

news image
Aug 28, 2025, 11:28 am GMT+0000 payyolionline.in

ഓൺലൈൻ ഗെയിമിംഗ് ബിൽ പാർലമെൻ്റ് പാസാക്കിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം സ്പോൺസർ സ്ഥാനത്ത് നിന്ന് പിന്മാറി ഫാൻ്റസി സ്പോര്‍ട്സ് പ്ളാറ്റ്ഫോം ഡ്രീം11. ഓൺലൈൻ ഗെയിമിംഗ് ബില്ലാണ് ഇതിന് പിന്നിലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്ക തിങ്കളാഴ്ച അറിയിച്ചു. 2023ൽ ടീം ഇന്ത്യയുടെ പ്രധാന സ്പോൺസറായി ഡ്രീം 11നുമായി ബിസിസിഐ മൂന്ന് വർഷത്തേക്ക് കരാർ ഒപ്പിട്ടിരുന്നു. ആ വർഷം മാർച്ചിൽ കരാർ അവസാനിച്ച ബൈജൂസിൻ്റെ സ്ഥാനത്താണ് ഡ്രീം 11 സ്പോൺസറായി വന്നത്. ഇത്തരം സ്ഥാപനങ്ങളുമായി ഇനി സഹകരിക്കില്ലായെന്നുള്ളത് ബിസിസിഐ ഉറപ്പാക്കുമെന്ന് സെയ്ക പറഞ്ഞു. ഈ തീരുമാനത്തോടെ, സെപ്റ്റംബർ 9ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി ബിസിസിഐക്ക് പുതിയ സ്പോൺസറെ കണ്ടെത്തേണ്ടിവരും. ഇ-സ്‌പോർട്‌സ്, ഓൺലൈൻ സോഷ്യൽ ഗെയിം എന്നിവയെ പ്രോത്സാഹിപ്പിക്കാനും ഓൺലൈൻ മണി ഗെയിമുകൾ നിയമവിരുദ്ധമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ ബിൽ. കഴിഞ്ഞ ബുധനാഴ്ച ലോക്സഭയിലും അടുത്ത ദിവസം രാജ്യസഭയിലും ബിൽ പാസാക്കി. “ഓൺലൈൻ ഗെയിമിംഗ് ബില്ലിനെ തുടർന്ന് ബിസിസിഐയും ഡ്രീം11-ഉം തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. ഭാവിയിൽ ഇത്തരം സ്ഥാപനങ്ങളുമായി സഹകരിക്കില്ലെന്ന് ബിസിസിഐ ഉറപ്പാക്കും,” ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്ക ദേശീയ മാധ്യമത്തിനോട് പറഞ്ഞു. പാർലമെൻ്റ് പാസാക്കിയ ‘ദ പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ചയാണ് അംഗീകാരം നല്‍കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe