ന്യൂഡൽഹി: ഓൺലൈൻ ഗെയിമുകൾക്ക് ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ജി.എസ്.ടി കൗൺസിൽ ആഗസ്റ്റ് രണ്ടിന് യോഗം ചേർന്നേക്കും.
നിക്ഷേപത്തിനാണോ അതോ ഓരോ ഗെയിമുകൾക്കും 28% ജി.എസ്.ടി ചുമത്തണോ എന്ന് കൗൺസിൽ തീരുമാനിക്കും. ഓരോ ഗെയിമുകൾക്കും 28% നികുതി ചുമത്തുന്നത് ആവർത്തിച്ചുള്ള നികുതിക്ക് കാരണമാകുമെന്നും നികുതിനിരക്ക് 50 മുതൽ 70 ശതമാനം വരെ വർധിക്കാൻ ഇടയാക്കുമെന്നും ആക്ഷേപമുണ്ട്. ഇത് വ്യവസായത്തെ ദുർബലപ്പെടുത്തുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച 30ലധികം ആഗോള-ഇന്ത്യൻ നിക്ഷേപകർ പ്രധാനമന്ത്രിയുടെ ഓഫിസിന് ഇതു സംബന്ധിച്ച് കത്തെഴുതിയിരുന്നു. അതേസമയം ജി.എസ്.ടി നിരക്ക് 28 ശതമാനമാക്കുന്നത് ന്യായമാണെന്ന് റിസർവ് ബാങ്ക് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദീപാലി പന്ത് പറഞ്ഞു.