പാനൂർ: ഓൺലൈൻ തട്ടിപ്പുകാർക്ക് പണം ശേഖരിക്കാൻ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ കോളജ്, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 50 ഓളം പേർ പൊലീസ് നിരീക്ഷണത്തിൽ. പെരിങ്ങത്തൂർ, പാനൂർ മേഖലയിലുള്ള വിദ്യാർഥികളാണ് കെണിയിൽപെട്ടിരിക്കുന്നത്. ഓൺലൈൻ തട്ടിപ്പുകൾക്കിരയായവർ നൽകിയ പരാതിയിൽ ആലപ്പുഴ പട്ടണക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെരിങ്ങത്തൂരിൽനിന്ന് രണ്ട് കോളജ് വിദ്യാർഥികൾ പിടിയിലായിയിരുന്നു.
ഓൺലൈനിലൂടെ ശേഖരിക്കുന്ന പണം വിനിമയം നടത്തുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ വാടകക്ക് നൽകിയ വിദ്യാർഥികളെ കണ്ടെത്തുന്നതിന് സൈബർ പൊലീസും രംഗത്തുണ്ട്. കഴിഞ്ഞ ആഴ്ച വടകര മേഖലയിൽനിന്ന് നാല് കോളജ് വിദ്യാർഥികളെ ഭോപാൽ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പെരിങ്ങത്തൂർ, പാനൂർ മേഖലയിൽനിന്ന് ഇത്തരം തട്ടിപ്പുകൾക്ക് 50 ലധികം വിദ്യാർഥികൾ ചതിയിൽ അകപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് തട്ടിപ്പിനിരയായവർ നൽകിയ പരാതിയിൽ അകപ്പെടുന്ന വിദ്യാർഥികളുടെ കാര്യത്തിൽ വലിയ ആശങ്കയാണുള്ളത്.
സ്കൂൾ, കോളജ് വിദ്യാർഥികളെയും സാധാരണക്കാരായ തൊഴിലാളികളെയും സമീപിച്ച് പണമിടപാട് നടത്തുന്നതിന് താൽക്കാലിക അക്കൗണ്ടുകൾ വാങ്ങുന്ന ഏജന്റുമാരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഓരോ പണമിടപാടുകൾക്കും നിശ്ചിത തുക അക്കൗണ്ടുകൾ എടുത്ത് നൽകിയവർക്ക് ലഭിക്കുന്നതോടെയാണ് നിരവധി വിദ്യാർഥികൾ ഇവരുടെ കെണിയിൽ അകപ്പെട്ടത്.
ചെറിയ കാലയളവിനുള്ളിൽ കൂടുതൽ വരുമാനം നേടാമെന്ന തട്ടിപ്പ് സംഘങ്ങളുടെ മോഹന വാഗ്ദാനങ്ങളിൽ വീണാണ് വിദ്യാർഥികൾ ഈ വഴി തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്ന സംഘം പണം ശേഖരിക്കുന്നതിനും പിൻവലിക്കുന്നതിനും ഇത്തരത്തിലുള്ള താൽക്കാലിക അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണങ്ങൾ യഥാർഥ കുറ്റവാളികളിലേക്ക് എത്താതിരിക്കാനാണ് വിദ്യാർഥികളെ കരുവാക്കി താൽക്കാലിക അക്കൗണ്ടുകൾ ഏജന്റുമാർ മുഖേന കൈക്കലാക്കുന്നത്. പണമിടപാട് നടത്തുന്നതിന് വേണ്ടി അക്കൗണ്ട് ഉടമകളായ വിദ്യാർഥികളുടെ എ.ടി.എം കാർഡും പിൻ നമ്പറും നൽകണം. അല്ലെങ്കിൽ ഒ.ടി.പി നമ്പറുകൾ നൽകിയാലും അക്കൗണ്ടുകൾ വഴി പണം പിൻവലിക്കാനാവും.
ഇത്തരം അക്കൗണ്ടുകളിലൂടെ ദിവസവും ലക്ഷങ്ങൾ ഇടപാടുകൾ നടത്തിയതായും ഇതിൽ ചില വിദ്യാർഥികൾക്ക് ബാങ്ക് നോട്ടീസ് അയച്ചതായും വിവരമുണ്ട്. പണമിടപാടിന് വേണ്ടി അക്കൗണ്ടുകൾ നൽകിയ വിദ്യാർഥികൾ ചതിയിൽപ്പെട്ടതാണെന്ന വിവരം പിന്നീടാണ് അറിയുന്നത്. പെരിങ്ങത്തൂരിലെ ഒരു വിദ്യാർഥിയുടെ പേരിൽ തമിഴ്നാട് പൊലീസ് അന്വേഷണം നടത്തുന്നതായും വിവരമുണ്ട്.
പ്രതികളാവുന്ന അക്കൗണ്ടിന്റെ യഥാർഥ ഉടമകൾക്ക് ആരാണ് തങ്ങളുടെ അക്കൗണ്ടുകൾവെച്ച് തട്ടിപ്പ് നടത്തിയതെന്ന് പോലും അറിയില്ല. സംഭവം പുറത്തുവന്നതോടെ രക്ഷിതാക്കളും ആശങ്കയിലായിരിക്കുകയാണ്. ഒരു ലക്ഷം രൂപ അക്കൗണ്ടിലെത്തിയാൽ 5000 രൂപയാണ് വിദ്യാർഥികൾക്ക് ലഭിക്കുക. കനറാ ബാങ്കിന്റെ പാനൂർ ശാഖയിൽ മാത്രം ഇത്തരത്തിൽ എട്ട് അക്കൗണ്ടുകൾ തുടങ്ങിയതായി ബാങ്ക് അധികൃതർ പറയുന്നു. അക്കൗണ്ട് എടുക്കുന്ന സമയത്ത് ബാങ്കിൽ നൽകുന്ന ഫോൺ നമ്പറും വ്യാജമാണ്. ആ നമ്പറുകളിലേക്ക് വിളിച്ചാൽ ഫോണെടുക്കാറില്ലെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. ഇത്തരം അക്കൗണ്ടുകളിൽ ചിലത് സൈബർ പൊലീസ് ബ്ലോക്ക് ചെയ്തതായും അറിയുന്നു.