ഓർക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവിന്‍റെ ബന്ധുക്കൾ ഒളിവിലെന്ന് പൊലീസ്

news image
Dec 12, 2023, 5:59 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്‍റെ ബന്ധുക്കൾ ഒളിവിലെന്ന് പൊലീസ്. ഷബ്നയുടെ ബന്ധുക്കളുടെ മൊഴി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും രേഖപ്പെടുത്തി. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ഷബ്നയുടെ ഭര്‍ത്താവിന്‍റെ മാതാപിതാക്കൾ, സഹോദരി എന്നിവർക്കെതിരെ ചുമത്തുമെന്നും ഉടൻ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ബന്ധുക്കൾക്ക് ഉറപ്പ് നൽകി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കൾ വിമർശിച്ചതിന് പിന്നാലെയാണ് ഡിവൈഎസ്പി ഷബ്നയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടത്.

കേസില്‍ ഷബ്നയെ മർദിച്ച ബന്ധു ഹനീഫയെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഭർത്താവിന്‍റെ മറ്റ് ബന്ധുക്കളെ ചോദ്യം ചെയ്യാൻ പോലെ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് കുടുംബത്തിന്റെ വിമര്‍ശനം, ദൃക്സാക്ഷിയായ മകൾ മൊഴി നൽകിയിട്ടും ബന്ധുക്കളെ ചോദ്യം ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തുന്ന കുടുംബം, ഇനിയൊരു ഷബ്‌ന ആവർത്തിക്കരുതെന്നും പറയുന്നു. ഷബ്നയെ മർദിക്കുന്ന സിസിടിവി ദൃശ്യവും ഫോണിലെ ദൃശ്യങ്ങളും നൽകിയത് ഷബ്നയുടെ കുടുംബം തന്നെയാണ്. പൊലീസ് പുതിയ തെളിവ് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോപിക്കുന്ന കുടുംബം, അന്വേഷണത്തിൽ പുരോഗതി ഇല്ലെങ്കിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും അറിയിച്ചു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഷബ്നയുടെ കുടുംബം സംശയിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe