ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; സൊമാറ്റോ പിരിച്ചുവിടുന്നത് 5000 ജീവനക്കാരെ

news image
Jan 5, 2026, 6:10 am GMT+0000 payyolionline.in

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഭക്ഷണ വിതരണ ആപ് സൊ​മാറ്റോ ഒരോ മാസവും പിരിച്ചുവിടുന്നത് 5000 ത്തോളം തൊഴിലാളികളെ. തട്ടിപ്പിന്റെയും ഭക്ഷണ വിതരണത്തിലെ തിരിമറിയുടെയും പേരിലാണ് ഇത്രയും അധികം ഡെലിവറി പാർട്ണർമാരെ ജോലിയിൽനിന്ന് ഒഴിവാക്കുന്നത്. സംരംഭകനായ രാജ് ഷമാനിയുമായുള്ള പോഡ്കാസ്റ്റിൽ സൊമാറ്റോ സ്ഥാപകനും സി.ഇ.ഒയുമായ ദീപിന്ദർ ഗോയലാണ് ഇക്കാര്യം ​വെളിപ്പെടുത്തിയത്.

സൊമാറ്റോയിലും അനുബന്ധ സ്ഥാപനമായ ബ്ലിങ്കിറ്റിലും എട്ട് ല​ക്ഷത്തോളം ഡെലിവറി പാർട്ണർമാർ ജോലി ചെയ്യുന്നുണ്ട്. ഓരോ മാസവും രണ്ട് ലക്ഷത്തോളം പേരാണ് ഡെലിവറി പാർട്ണർ ജോലിക്ക് റജിസ്റ്റർ ചെയ്യുന്നത്. ഡെലിവറി പാർട്ണർമാരിൽ ഭൂരിഭാഗം പേരും പാർട് ടൈം ജീവനക്കാരാണ്. പലരും കുറച്ചു കാലം ജോലി ചെയ്ത് നിർത്തിപോകുകയാണ്.

പല തവണ ദുരുപയോഗവും തട്ടിപ്പും നടത്തുന്നവരെയാണ് പിരിച്ചുവിടുന്നത്. ഒരു തവണ അബദ്ധം സംഭവിച്ചരെ ഒഴിവാക്കാറില്ലെന്നും ഗോയൽ വ്യക്തമാക്കി. ഭക്ഷണം ഉപഭോക്താക്കൾക്ക് കൈമാറാതെ വിതരണം ചെയ്തെന്ന് രേഖപ്പെടുത്തുക, ഉപഭോക്താക്കൾ ഓർഡർ ചെയ്ത ഭക്ഷണം കഴിക്കുക, ഡെലിവറി ചെയ്യുമ്പോൾ വാങ്ങുന്ന പണത്തിൽ തിരിമറി നടത്തുക തുടങ്ങിയ നിരവധി പരാതികളാണ് ജീവനക്കാർക്കെതിരെ ലഭിക്കുന്നത്.

പരാതികൾ പരിഹരിക്കാൻ ‘കർമ’ എന്ന സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഡെലിവറി പാർട്ണർമാരുടെയും ഉപഭോക്താക്കളുടെയും പെരുമാറ്റം നിരീക്ഷിക്കാൻ കഴിയുന്നതാണ് ഈ സംവിധാനം. എങ്കിലും ഡെലിവറി പാർട്ണർമാരുടെ തട്ടിപ്പുകൾ കണ്ടെത്തുക എളുപ്പമല്ലെന്നും ഗോയൽ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe