തിരൂർ (മലപ്പുറം): കക്കൂസ് മാലിന്യം കൊണ്ടുപോകുകയായിരുന്ന മിനിലോറി പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്.ഐയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടി തിരൂർ പൊലീസ്.
ചാപ്പനങ്ങാടി മുല്ലപ്പള്ളി വീട്ടിൽ മുഹമ്മദ് റാഫി (25), അങ്ങാടിപ്പുറം വള്ളിക്കാടൻ വീട്ടിൽ ഫൗസാൻ (25), കടുങ്ങപുരം കരുവള്ളി വീട്ടിൽ ജംഷീർ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചക്ക് പച്ചാട്ടിരിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ്, കക്കൂസ് മാലിന്യം തള്ളാൻ കൊണ്ടുപോവുന്ന മിനിലോറിയെത്തിയത്.
കൈ കാണിച്ച് നിർത്താൻ ആവശ്യപ്പെട്ടപ്പോഴാണ് തിരൂർ സബ് ഇൻസ്പെക്ടർ നിർമലിനെ വാഹനമിടിപ്പിക്കാൻ ശ്രമിച്ചത്. നിർത്താതെപോയ പ്രതികളെ പൊലീസ് 35 കിലോമീറ്റർ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. പ്രതികൾ താനൂർ, പരപ്പനങ്ങാടി ഭാഗങ്ങളിലേക്ക് പ്രവേശിച്ചതോടെ പരപ്പനങ്ങാടി പൊലീസിന്റെ സഹായത്തോടെ ചാലിയം ഭാഗത്തുവെച്ച് പിടികൂടുകയായിരുന്നു.
തിരൂർ ഡിവൈ.എസ്.പി എ.ജെ ജോൺസൺ, തിരൂർ എസ്.എച്ച്.ഒ മുഹമ്മദ് റഫീഖ് എന്നിവരുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ, പിടിയിലായ വാഹനം വിവിധ സ്ഥലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരൂർ എസ്.ഐ നസീർ തിരൂർക്കാട്, തിരൂർ സബ് ഇൻസ്പെക്ടർ നിർമൽ, പൊലീസ് ഉദ്യോഗസ്ഥരായ ദിൽജിത്ത്, പരപ്പനങ്ങാടി എസ്.ഐ വിജയൻ, പൊലീസ് ഉദ്യോഗസ്ഥരായ ജോഷി എന്നിവരാണ് പ്രതികളെയും വാഹനവും പിടികൂടിയത്.