കക്കോടി: കക്കോടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. കൂടത്തുംപൊയിൽ, കച്ചേരിറോഡ്, കമലച്ചാലിൽ ഭാഗങ്ങളിൽ ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. കമലച്ചാലിൽ താഴത്ത് പ്രതീഷ്, കൂളിച്ചാലക്കൽ കെ.സി. ചന്ദ്രൻ, കൃഷ്ണൻ തുടങ്ങി അഞ്ചോളം പേർക്കാണ് കടിയേറ്റത്.
വീടിന് സമീപത്തുവെച്ചാണ് പ്രതീഷിന് ആദ്യം കിടയേൽക്കുന്നത്. കടിച്ച നായയെ തിരഞ്ഞു പോയപ്പോൾ മതിലിന് സമീപം ഒളിഞ്ഞിരുന്ന നായ വീണ്ടും ആക്രമിക്കുകയായിരുന്നുവെന്ന് പ്രതീഷ് പറഞ്ഞു. കൈക്കും കാലിനും കടിയേറ്റു. ബാക്കിയുള്ളവർക്ക് കൂടത്തുംപൊയിൽ ഭാഗത്ത് വെച്ചാണ് കടിയേറ്റത്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ ശല്യം വർദ്ധിച്ചതായി നാട്ടുകാർ പറഞ്ഞു.