കണ്ടക്ടർക്ക് നേരെ ആക്രമണം: വടകര-തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്കി; 22 മുതൽ അനിശ്ചിതകാല സമരം

news image
Jul 15, 2026, 5:03 am GMT+0000 payyolionline.in

വടകര: ബസ് കണ്ടക്ടറെ ഒരുകൂട്ടം ആളുകൾ ചേർന്ന് മർദിച്ചതിൽ പ്രതിഷേധിച്ച് വടകര-തലശ്ശേരി റൂട്ടിൽ ചൊവ്വാഴ്ച സ്വകാര്യ ബസുകൾ പണിമുടക്ക് നടത്തി. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ വരുന്ന 22-ാം തീയതി മുതൽ വടകര താലൂക്കിൽ അനിശ്ചിതകാലത്തേക്ക് ബസ് പണിമുടക്ക് ആരംഭിക്കുമെന്ന് തൊഴിലാളി യൂണിയൻ സംയുക്തസമിതി അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ലസിത ബസിലെ കണ്ടക്ടറായ സജാദിനെ കുഞ്ഞിപ്പള്ളിയിൽ വെച്ച് ഒരുകൂട്ടം ആളുകൾ ക്രൂരമായി മർദിച്ചത്. പരിക്കേറ്റ സജാദ് ഇപ്പോൾ വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

​കണ്ടക്ടറെ മർദിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യാത്രക്കാരനും ചോറോട് സ്വദേശിയുമായ അഭിനവിനും അക്രമികളിൽ നിന്ന് മർദനമേറ്റിരുന്നു. ഈ സംഭവത്തിൽ കൃത്യമായ തെളിവുകളുണ്ടായിട്ടും പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറാകാത്തത് കടുത്ത അനാസ്ഥയാണെന്ന് തൊഴിലാളി യൂണിയനുകൾ ആരോപിച്ചു. ജീവനക്കാർക്ക് ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് പോകാൻ സംയുക്തസമിതി യോഗം തീരുമാനിച്ചത്. എം. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ. സതീശൻ, മടപ്പള്ളി മോഹനൻ, ഇ. നാരായണൻ നായർ, വിനോദ് ചെറിയത്ത്, കെ. പ്രകാശൻ, പി. സജീവ് കുമാർ, മജീദ് അറക്കിലാട് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

​പെട്ടെന്നുണ്ടായ ബസ് പണിമുടക്ക് വിദ്യാർഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് സ്ഥിരം യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. യാത്രാക്ലേശം പരിഹരിക്കാൻ ദീർഘദൂര സർവീസുകളെയും കെ.എസ്.ആർ.ടി.സി. ബസുകളെയുമാണ് ജനങ്ങൾ പ്രധാനമായും ആശ്രയിച്ചത്. എന്നാൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് സ്റ്റോപ്പില്ലാത്ത ചെറുപട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലും ഉള്ളവർ യാത്ര ചെയ്യാൻ മറ്റ് മാർഗങ്ങളില്ലാതെ കഷ്ടപ്പെട്ടു. ഇതുമൂലം സർവീസ് നടത്തിയ കണ്ണൂർ-കോഴിക്കോട്, തലശ്ശേരി-കോഴിക്കോട് ബസുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe