കണ്ണൂർ: വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലുണ്ടായ സംഘർഷത്തിൽ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെ 10 തടവുകാർക്കെതിരെ കേസെടുത്തു. കാട്ടുണ്ണി രജ്ഞിത്തിനെ ഒന്നാം പ്രതിയാക്കിയും കൊടി സുനിയെ അഞ്ചാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾ ജയിലിൽ കലാപത്തിന് ശ്രമിച്ചെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. രജ്ഞിത് ആണ് ആക്രമണത്തിന് തുടക്കമിട്ടത്. കമ്പിവടി ഉപയോഗിച്ച് ജയിൽ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്.
വലിയൊരു സംഘർഷം ജയിലിലുണ്ടായെന്നാണ് വിവരം. കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, മിബു രാജ് തുടങ്ങിയ പത്തോളം തടവുകാരായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് പിന്നിൽ. ജയില്‍ ജീവനക്കാരായ അര്‍ജുന്‍, ഓംപ്രകാശ്, വിജയകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അര്‍ജുന്‍റെ പരിക്ക് സാരമുള്ളതാണ്.