കണ്ണൂര്‍: സ്വകാര്യ ബസുകളുടെ അശ്രദ്ധയിലും അമിത വേഗത്തിലും അനാഥമാകുന്നത് നിരവധി കുടുംബങ്ങളാണ്. കൂത്തുപറമ്പിൽ വെന്തുമരിച്ച അഭിലാഷും സജീഷും. കുറുമാത്തൂരിൽ പൊലിഞ്ഞ അഷ്റഫും ഷാഹിദും. കൂലിപ്പണിയെടുത്തും ഓട്ടോ ഒടിച്ചും ജീവിതം മുന്നോട്ട് നയിച്ചവരുടെ ജീവനെടുത്തത് അമിത വേഗത്തിലെത്തിയ ബസുകളാണ്.
പിലാവുളളതിൽ വീടിന്റെ മുറ്റത്ത് ഓട്ടോ ഡ്രൈവറായ അഭിലാഷിന്റെ ഓര്‍മയിരിപ്പുണ്ട്. നീക്കിയിരുപ്പായി ഉള്ളത് ഓടുമേഞ്ഞ വീട്. അവിടെ നാല് വയസ്സുള്ള നൈമിയും നയോമിയും ജ്യേഷ്ഠന് ഇഷാനുമുണ്ട്. അഭിലാഷായിരുന്നു കുടുംബത്തിന്റെ അത്താണി. അത് നിലച്ചു. നിങ്ങള്‍ കാണുന്നില്ലേ ഇവിടത്തെ സാഹചര്യമെന്ന് അഭിലാഷിന്റെ സഹോദരന് ചോദിക്കുന്നു.
പാറാടുളളവർക്ക് അഭിലാഷ് ഓട്ടോയിലെത്തുന്ന കൂട്ടാണ്. അങ്ങനെയൊരു രാത്രിയിൽ കൂട്ടുകാരന് സജീഷിനൊപ്പം തിരിച്ച ഓട്ടം. പാഞ്ഞെത്തിയ സ്വകാര്യ ബസിന്റെ ഇടിയിൽ രണ്ട് ജീവനുകളും പൊലിഞ്ഞു. ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷക്ക് തീ പിടിക്കുകയായിരുന്നു.
തീ ആളിക്കത്തിയതിനെ തുടർന്ന് ആർക്കും ഓട്ടോയുടെ അടുത്തേക്ക് എത്താൻ പോലും സാധിച്ചില്ല. തുടർന്ന് തൊട്ടടുത്തുള്ള സർവ്വീസ് സ്റ്റേഷനിലുണ്ടായിരുന്ന ഒരാളാണ് തീയണച്ചത്. ഫയർഫോഴ്സെത്തി കത്തിക്കരിഞ്ഞ അവസ്ഥയിലാണ് ഇരുവരെയും മൃതദേഹം പുറത്തെടുത്തത്. അപകടമുണ്ടാക്കിയ ഇതേ ബസ് ഇതേ സ്ഥലത്ത് വെച്ച് മുമ്പും അപകടമുണ്ടാക്കിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ബസുകാരുടെ മരണപ്പാച്ചിലില്‍ സംഭവിക്കുന്നത് തീരാനഷ്ടങ്ങളാണെന്ന് അഭിലാഷിന്റെ സഹോദരന് പറഞ്ഞു. ഒരു വിളിക്കപ്പുറം നാട്ടുകാര്‍ക്ക് അഭിലാഷുണ്ടായിരുന്നു. വിശ്വസിച്ച് ആ ഓട്ടോയില്‍ കയറ്റി വിടാമായിരുന്നു. നഷ്ടമായെന്ന് ഉറപ്പിക്കാൻ പാടാണ് പലർക്കും.
നിയന്ത്രണം വിട്ട ബസിന്റെ മുന്നിൽ പെട്ടു പോയതാണ് തളിപ്പറമ്പിലെ അഷ്റഫ്. കൂടെ ഷാഹിദും. കാറ്ററിംഗ് ജോലി കഴിഞ്ഞുളള വരവായിരുന്നു, നിനയ്ക്കാതെ എത്തുന്ന അപകടത്തിൽ എല്ലാം നഷ്ടപ്പെട്ടു പോയവര്‍ സ്വകാര്യ ബസ് അപകടങ്ങളുടെ ഇരകളാണിവര്‍.