കണ്ണൂരിൽ നാളെ ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം. സിപിഐ(എം) ജില്ലാ കമ്മറ്റി ഓഫീസിൻറെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് നാല് മണിക്ക നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ ഒരു ലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കുന്ന പൊതു സമ്മേളനവും നടക്കുന്നതിനാലാണ് വാഹന നിയന്ത്രണം.
കണ്ണൂർ ടൌണിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ താഴെ പറയുന്ന രീതിയിൽ വലിയ വാഹനങ്ങൾക്ക് കണ്ണൂർ ടൌൺ പരിധിയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.
തളിപ്പറമ്പ ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ തളിപ്പറമ്പ- തൃച്ചംബരം അമ്പലം റോഡ് വഴി നാണിച്ചേരിക്കടവ് – മയ്യിൽ -ചാലോട് – മമ്പറം വഴി പോകേണ്ടതാണന്ന് പോലീസ് അറിയിപ്പ്.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് അഞ്ച് നിലകളുള്ള പുതിയ കെട്ടിടം നിർമ്മിച്ചത്. ആധുനിക സൗകര്യങ്ങളോടെയായാണ് പുതിയ കെട്ടിടം പണികഴിപ്പിച്ചത്. എകെജി ഹാൾ, ചടയൻ ഹാൾ, പാഠ്യം ഗവേഷണ കേന്ദ്രം, ലൈബ്രറി തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നതായിരിക്കും.
500 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, സോഷ്യൽ മീഡിയ റൂം, പാർട്ടി മീറ്റിങ് ഹാൾ, താമസ മുറികൾ, വാഹന പാർക്കിംഗ് സൗകര്യം എന്നിവയും കെട്ടിടത്തിന്റെ ഭാഗമാണ്. പഴയ കെട്ടിടത്തിന്റെ തടികൾ തന്നെ പുനരുപയോഗിച്ച് പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയതും ഇതിന്റെ പ്രത്യേകതകളിൽ ഒന്നാണ്. വെള്ളാപ്പള്ളി ബ്രദേഴ്സാണ് കെട്ടിടത്തിൻ്റെ നിർമാണം ഏറ്റെടുത്തത്.