കണ്ണൂർ: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ വിശദീകരണവുമായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ ഐപിഎസ്. പോലീസ് നടപടി സ്വാഭാവികമാണെന്നും പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് കമ്മീഷണറുടെ പ്രതികരണം.
പോലീസ് ബൂട്ടിട്ട് മനഃപൂർവ്വം വനിതാ പ്രവർത്തകയുടെ തലമുടി ചവിട്ടിപ്പിടിച്ചു എന്നായിരുന്നു യൂത്ത് കോൺഗ്രസിൻ്റെ ആരോപണം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്.
കണ്ണൂരിൽ സിവിൽ സ്റ്റേഷന് മുന്നിലാണ് സംഘർഷമുണ്ടായത്. കളക്ടറേറ്റിലേക്ക് കടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രവർത്തകരെ ലക്ഷ്യം വെച്ച് ആക്രമിക്കുകയാണെന്നായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ ആരോപണം. അതേസമയം, കോട്ടയത്തും യൂത്ത് കോണ്ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.