കണ്ണൂരും കോഴിക്കോടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; വലഞ്ഞ് വിദ്യാർത്ഥികളും നാട്ടുകാരും

news image
Oct 30, 2023, 4:27 am GMT+0000 payyolionline.in

കണ്ണൂർ: യാത്രക്കാരെ വലച്ച് കണ്ണൂരിലും കോഴിക്കോടും ബസുകളുടെ മിന്നൽ പണിമുടക്ക്. തലശ്ശേരിയിൽ ബസ് ജീവനക്കാരനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തതിനാണ് പ്രതിഷേധം. തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിലാണ് പണിമുടക്ക്. ഏതാണ്ട് 15 ലധികം റൂട്ടുകളിലാണ് മിന്നൽ പണിമുടക്ക് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കരിയാട്-തലശ്ശേരി റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർക്കെതിരെ രണ്ട് വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ പ്രകാരം കേസെടുത്തിരുന്നു.

വിദ്യാർത്ഥികളെ തുടർച്ചയായി ഉപദ്രവിച്ചു എന്ന രീതിയിലാണ് പരാതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇത് അകാരണമായ അറസ്റ്റാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് ബസ് ജീവനക്കാർ പറയുന്നത്. അതേ സമയം ഈ മിന്നൽ പണിമുടക്ക് ബസുടമകളോ ബന്ധപ്പെട്ട സംഘടനകളോ ആഹ്വാനം ചെയ്ത പണിമുടക്കല്ല. തൊഴിലാളികൾ ഇന്നലെ വാട്ട്സ് ആപ്പിലൂടെ ആഹ്വാനം ചെ‌യ്ത് നടപ്പിലാക്കിയ പണിമുടക്കാണ്. പണിമുടക്കിനെ തുടർന്ന് വിദ്യാർത്ഥികളും സാധാരണക്കാരും വലയുന്ന സാഹചര്യമാണുള്ളത്.

കോഴിക്കോട്ടും സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കുന്നു തലശേരി – തൊട്ടിൽപാലം,  കോഴിക്കോട് – തലശേരി, കോഴിക്കോട് – കണ്ണൂർ , കോഴിക്കോട് – വടകര റൂട്ടുകളിലാണ് മിന്നൽ പണിമുടക്ക്. തലശേരിയിൽ ബസ് കണ്ടക്ടറെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് കോഴിക്കോട്ടും പണിമുടക്ക് നടക്കുന്നത്. അതുപോലെ തൃശൂരിൽ വിദ്യാർത്ഥിയെ ബസിൽ നിന്നും ഇറക്കി വിട്ട സംഭവത്തിൽ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്ത സംഭവത്തിലും പ്രതിഷേധം നടക്കുന്നുണ്ട്. മിക്ക യാത്രക്കാരും ബസ് സ്റ്റാൻഡിൽ എത്തിയതിന് ശേഷമാണ് പണിമുടക്കിനെ കുറിച്ച് അറിഞ്ഞത്. കെഎസ്ആർടിസി ബസ് സർവീസ് കുറവുള്ള പ്രദേശം കൂടിയാണ് ഇവിടം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe