കണ്ണൂര്‍: പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാളാഘോഷം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് യുവാക്കള്‍ കണ്ണൂര്‍ ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ക്യാംപ് പരിസരത്ത് അതിക്രമിച്ച് കയറി യുവതിയുടെ പിറന്നാളാഘോഷം നടത്തിയത്.
പിറന്നാളഘോഷം സാമൂഹ്യ മാധ്യമം വഴി റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ യുവതിയെ വിളിച്ചു വരുത്തിയായിരുന്നു സുഹൃത്തുക്കള്‍ അതിരുവിട്ട പിറന്നാളാഘോഷം സംഘടിപ്പിച്ചത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാള്‍ക്ക് മരണം സംഭവിച്ചെന്നും അത് സെറ്റില്‍മെന്റ് ചെയ്യാനായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടുമായിരുന്നു ഫോണ്‍ വിളിച്ചത്.