കോഴിക്കോട് : മലാപ്പറമ്പ് ജങ്ഷനിൽ ആറുവരി ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കണ്ണൂർ ഭാഗത്തുനിന്ന് വയനാട് ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നു. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. ഇവിടെയുള്ള അടിപ്പാത, കോഴിക്കോടുനിന്ന് കണ്ണൂർ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പോകുന്നതിനായി വൈകീട്ടോെട തുറന്നുകൊടുത്തിട്ടുണ്ട്.
കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് വിഷുവിനുമുന്നേതന്നെ തുറന്നിരുന്നു. മൂന്നുവരിയിലൂടെയാണ് രണ്ടുഭാഗത്തേക്കും ഇപ്പോൾ വാഹനങ്ങൾ പോകുന്നത്. അടുത്ത മൂന്നുവരിപ്പാതയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. അതിനായി മണ്ണെടുക്കാൻതുടങ്ങിയിട്ടുണ്ട്. ഈഭാഗം ഒരുമാസത്തിനുള്ളിൽ ടാറിങ് പൂർത്തിയാക്കിയശേഷം തുറന്നുനൽകുമെന്നും കരാർക്കമ്പനി അധികൃതർ അറിയിച്ചു.
രാമനാട്ടുകര-വെങ്ങളം ദേശീയപാതയിലെ ടോൾബൂത്തിന്റെ പ്രവൃത്തിയും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. 90 ശതമാനവും പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. റോഡിലെ ടാറിങ്, സമീപത്തുള്ള ശൗചാലയങ്ങളുടെ നിർമാണം എന്നിവമാത്രമേ പൂർത്തിയാവാനുള്ളൂ. ഈമാസം അവസാനത്തോടെ പൂർത്തിയാകുമെന്നും അധികൃതർ പറഞ്ഞു. അതിനുപുറമേ അറപ്പുഴ പാലത്തിനുസമീപം കാൽനടക്കാർക്കായി സ്ഥാപിക്കുന്ന നടപ്പാലത്തിന്റെയും പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. 44 മീറ്റർ നീളത്തിലും മൂന്നുമീറ്റർ വീതിയിലുമാണ് പാലം പണിയുന്നത്.