‘കരാര്‍ കെഎസ്ആര്‍ടിസി ലംഘിച്ചെന്ന് പരാതിപ്പെട്ടത് ആര്യ’; ഇലക്ട്രിക് ബസ് വിവാദത്തില്‍ മേയർ

news image
Dec 31, 2025, 2:57 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ സമൂഹമാധ്യമ പോസ്റ്റ് ആയുധമാക്കി ഗതാഗത മന്ത്രിക്കു മറുപടി നല്‍കി മേയര്‍ വി.വി.രാജേഷ്. തിരുവനന്തപുരം നഗരസഭയുടെ പ്രഖ്യാപിത നയമാണ് കാര്‍ബണ്‍ ന്യൂട്രല്‍ അനന്തപുരിയെന്നും നഗരത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും സുഗമമായും കുറഞ്ഞ നിരക്കിലും ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 115 വൈദ്യുതി ബസുകള്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് വാങ്ങി നല്‍കിയതെന്നും 2024 സെപ്റ്റംബര്‍ 7ന് ആര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നുവെന്ന് മേയര്‍ വി.വി.രാജേഷ് പറഞ്ഞു. നഗരപരിധി വിട്ട് സമീപ ജില്ലയിലേക്ക് ബസുകള്‍ സര്‍വീസ് നടത്തുന്നുവെന്നും ആര്യ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് ത്രികക്ഷി കരാര്‍ കെഎസ്ആര്‍ടിസി ലംഘിച്ചുവെന്ന് പരാതിപ്പെട്ടതും ആര്യ രാജേന്ദ്രന്‍ തന്നെയാണെന്നും അവര്‍ തദ്ദേശമന്ത്രിക്കു പരാതി നല്‍കിയിരുന്നുവെന്നും വി.വി.രാജേഷ് പറഞ്ഞു.

ഈ കരാര്‍ നടപ്പാക്കണമെന്നാണ് ബിജെപി നേതൃത്വത്തില്‍ അധികാരത്തിലെത്തിയ കൗണ്‍സിലിന്റെ ആവശ്യം. മന്ത്രി പറഞ്ഞതു പോലെ ബസുകള്‍ ഏറ്റെടുക്കാനില്ല. ബസിന്റെ നല്ലകാലം ഓടിക്കഴിഞ്ഞു. കരാര്‍ പ്രകാരം 113 ബസുകള്‍ നഗരപരിധിയില്‍ തന്നെ ഓടിക്കണം, ലാഭവിഹിതം കൈമാറണം, റൂട്ട് നിശ്ചയിക്കുന്നതില്‍ കോര്‍പറേഷനെ ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ഇടറോഡുകളില്‍ ആവശ്യത്തിനു ബസുകള്‍ ഇല്ലെന്ന കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും പരാതി പരിഗണിച്ചാണ് വിഷയം ഏറ്റെടുത്തിരിക്കുന്നത്. രാവിലെയും വൈകിട്ടുമെങ്കിലും ബസുകള്‍ ഇതിനായി വിട്ടുനല്‍കണം. ഇതു സംബന്ധിച്ച് അടുത്ത കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രിക്കു കത്തു നല്‍കും. 150 പുതിയ ബസുകള്‍ ഓടിക്കുമെന്നാണ് മന്ത്രി പറയുന്നത്. അത് വാങ്ങി മറ്റിടങ്ങളിലേക്ക് ഓടിച്ചിട്ട് ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ തന്നെ ഓടിക്കണമെന്നും മേയര്‍ വി.വി.രാജേഷ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe