കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയൊരു ഇടവേളക്കുശേഷം പൊലീസിന്റെ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസിനെ കബളിപ്പിച്ച് 90 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ യാത്രക്കാരനെ പൊലീസ് സംഘം പിടികൂടി. വണ്ടൂര്‍ കൂരാട് സ്വദേശി ഫസലുറഹ്‌മാന്‍ (35) ആണ് പിടിയിലായത്.
ബുധനാഴ്ച രാവിലെ ജിദ്ദയില്‍നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഫസലുറഹ്‌മാന്‍. കസ്റ്റംസ് പരിശോധനക്കുശേഷം രാവിലെ 11ന് ഇയാള്‍ വിമാനത്താവളത്തിന് പുറത്തെത്തി. മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാത്തുനിന്ന കരിപ്പൂര്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മിശ്രിതരൂപത്തിലാക്കി കാല്‍പാദങ്ങള്‍ക്കടിയില്‍ വിദഗ്ധമായി ഒട്ടിച്ചുവെച്ച നിലയില്‍ 843 ഗ്രാം സ്വര്‍ണമിശ്രിതം പൊലീസ് ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
ആദ്യഘട്ട ചോദ്യംചെയ്യലില്‍ ഫസലുറഹ്‌മാന്‍ കള്ളക്കടത്ത് വിവരം സമ്മതിച്ചില്ല. തുടര്‍ന്ന് ബാഗേജും ശരീരവും വിശദ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ സോക്‌സിനകത്ത് കാല്‍പാദത്തിന് അടിയില്‍ ഒട്ടിച്ച നിലയില്‍ രണ്ടു പാക്കറ്റ് സ്വര്‍ണമിശ്രിതം കണ്ടെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും തുടരന്വേഷണത്തിനായി വിശദ റിപ്പോര്‍ട്ട് കസ്റ്റംസ് പ്രിവന്റിവ് ഡിവിഷന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.